Sunday, June 15, 2008

കഥകളുറങ്ങുന്ന കരിച്ചാല്‍ കടവ്


കഥകളുറങ്ങുന്ന കരിച്ചാല്‍ കടവ് (ഭാഗം-1)


തിമിര്‍ത്ത് പെയ്ത മഴ ഒന്നടങ്ങിയേ ഉള്ളൂ. മാനം വെളുത്തു.


ഒതുക്കുകല്ലുകളോട് കിന്നാരം ചൊല്ലി ഓളങ്ങള്‍ താളമിടുന്നതും
ശ്രദ്ധിച്ച് അക്കരേക്ക് കടത്ത് കടക്കാനായി കടവിന്‍റെ അരികു പറ്റി ഞാന്‍ നിന്നു.
നനഞ്ഞ കുളിരുമായി വന്ന് മന്ദമാരുതന്‍ ഇടക്കിടെ അലോരസപ്പെടുത്തുന്നുണ്ട്.
ചൂണ്ടയിട്ടും മുങ്ങാംകുഴിയിട്ടും കടവിനും പരിസരത്തിനും ജീവന്‍ കൊടുക്കാന്‍
ചെറുമക്കള്‍ തയ്യാറായി നില്‍‌പുണ്ട്.




ആ.........................പൂ...വ്വേയ്....

മഴമാറിയിട്ടും കടത്തുകാരിയെ കാണാഞ്ഞിട്ട് വാപ്പുക്കയുടെ ആത്മവിളിയായിരുന്നു അത്.
“നേരം വൈഗ്യാ ന്‍റെ മീനൊക്കെ ചീയും....ഈ പഹച്ചി എവിടേണ് കെടക്ക്‌ണത്”
“ഓള് തൂറാന്‍ പോയിട്ട്‌ണ്ടാവും” പറങ്ങോടന്‍ തന്ത ചായപ്പീടികയില്‍ നിന്നും വിളിച്ചു പറഞ്ഞു.
“വെറുതെല്ല ഈ പറമ്പിനൊക്കെ ച്ചിരി കായബലം*” ചിരിക്ക് വഹ നല്‍കി പൌലോസ് മാപ്പിള
അദ്ദേഹത്തിന്‍റെ അലൂമിനിയപത്രങ്ങളുടെ തലച്ചുമട് ആ മതിലില്‍ ഇറക്കി വെച്ചു.


“അതികം ചിരിക്കണ്ടാ, മന്‍ചി* ഞാന്‍ വെള്ളത്തില് മുക്കും”കടത്തുകാരി അപ്പോഴേക്കും എത്തി.


“ഹല്ലാ അന്‍റെ കെട്ട്യോനെവടെ...രെണ്ടീസായിട്ട് കാണാല്യാലോ”
“ ആ സെഡ്ഡില്ണ്ട്..രണ്ടീസായിട്ട് മൂപ്പര്‍ക്ക് സൊകല്യ”

ഇത് കടത്തുകാരി പുളിഞ്ചിരി. കറുകറുത്ത പുളിഞ്ചിരിയുടെ കെട്ട്യോന്‍ ചാത്തായി.
അവര്‍ക്ക് ആണ്മക്കള്‍ രണ്ട്; അപ്പുണ്ണിയും കുഞ്ഞുണ്ണിയും.ഇവരെല്ലാം ഉഗാണ്ടയില്‍ നിന്ന്
കേരളത്തില്‍ കുടിയേറി പാര്‍ത്തതാണെന്ന് ഒരൂഹണ്ട്.

എണ്ണം പറഞ്ഞ് കടത്തുകൂലി വാങ്ങാന്‍ പുളിഞ്ചിരിക്കേ സാധിക്കൂ.
ഈളക്കടു*പോലിരിക്ക്‌ണ ചാത്തായിക്ക് പനങ്കള്ളടിച്ച് കിറുങ്ങി
ഇരിക്കാനേ നേരള്ളു. എന്നിരുന്നാലും തുഴയെറിയുന്നത് കണ്ടാല്‍ അത്ഭുതം കൂറിപ്പോകും,
ചാത്തായി തന്ന്യാണൊ ഇത്....!!!. മെലിഞ്ഞിട്ടാണെങ്കിലും നല്ല കൈക്കരുത്താണ്.
അയാളുടെ തുഴച്ചിലിന് നാടന്‍ ശീലിന്‍റെ ഈണമുള്ളതായി തോന്നും.

മക്കള്‍ രണ്ടു പേരും കൂലിപ്പണിക്കാരാണ്.അവര്‍ക്ക് പണിയില്ലെങ്കിലേ അഛനേം അമ്മേനേം സഹായിക്കാനായിട്ട് വരാറുള്ളു. കൂട്ടത്തില്‍ കുഞ്ഞുണ്ണിക്കാണ് അഴക് കൂടുതല്‍.
അതോണ്ട് താളരിയാന്‍ വരുന്ന ചെറുമിപ്പെണ്‍കിടാങ്ങള്‍ക്ക് അവനോടൊ‘രിതാ‘ണ്.....

“മാധവേട്ടനെത്തി, ന്നാ പൊറപ്പെട്വല്ലേ...”
മാധവേട്ടന്‍ ആ വിടര്‍ന്ന ചിരിയുമായ് വെറ്റിലകൊട്ട തോണിയില്‍ വെച്ച് കയറിയിരുന്നു.

“മാപ്ലാരെ മഞ്ചി നീങ്ങണില്യ ഒന്ന് എറങ്ങി തള്ളിയെ”എന്ന് പറഞ്ഞ് പുളിഞ്ചിരി തുഴയെറിഞ്ഞു.


“പോകല്ലേ....ഞാ‍നൂണ്ടേ................യ്”


“ഈ വറീതാപ്ല എപ്പളും ഇങ്ങനന്ന്യാ മനുഷ്യനെ മെനക്കെടുത്തും. നിക്ക് ഞാണക്കാട്ട്‌ക്ക് അങ്ങ്‌ട് എത്തണേയ്”. ചക്കര ആണത് പറഞ്ഞത്.
കരിച്ചാലിലെ ചെറുമികളില്‍ ഇച്ചിരി ചൊങ്ക് ചക്കരക്കാണ്.
അതിന്‍റെ ഒരു നെകളിപ്പ് ചക്കരക്ക് ഉണ്ട്.അത് ഭാഷയിലും നടത്തത്തിലും കാണാന്‍ സാധിക്കും.
“ഉമ്മക്കുട്ട്യോളാ അവളെ ഇങ്ങനെ വെടക്കാക്ക്യേത്” എന്ന് ഗദ്ഗദം കൊള്ളും മറ്റു ചെറുമികള്‍.

“ഇതെന്തൂട്ടാ പുളിഞ്ചിര്യെ ഇമ്പളെ ഒന്ന് കാത്തൂട ല്യേ”
“മാപ്ലേയ്..ന്‍റെ തൊള്ള തൊറപ്പിക്കണ്ട ഇങ്ങള്”

“ന്നെന്താ കോള് വറീതേ....”
“അതിത്തിരി കാവത്തും ചേമ്പും, നല്ല മഴയായതോണ്ട് കോള് കുറവാ വാപ്പോപ്ലെ...”
വറീതാപ്ല ചാക്കുംകെട്ട് വെയ്ക്കുന്നതിനിടയില്‍ പറഞ്ഞു.

അങ്ങനെ വറീതാപ്ലയും കയറി, ആ ജീവിതനൌക കൊച്ചനൂരിന്‍റെ കര ലക്‍ഷ്യമാക്കി മന്ദം നീങ്ങി.

“ഹലൊ യൂസഫ് താനെന്നു വന്നു” ഞാനെന്‍റെ പഴയ ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്ന് തിരിഞ്ഞു നോക്കി. അനിലായിരുന്നു അത്. എന്‍റെ സഹപാഠി. ഞങ്ങള്‍ കുശലാന്വേഷണത്തിലേര്‍പ്പെട്ടു.

(തുടരും)



മഞ്ചി=തോണി
കായബലം=കായ,ഫലം

26 comments:

yousufpa said...

ബൂലോഗകൂട്ടരേ ചില നാടന്‍ ഓര്മ്മ‍ക്കൂട്ടുകള്‍
ഇതാ ഇവിടെ നിങ്ങള്‍ക്കായി...

വിലയേറിയ അഭിപ്രായങ്ങള്‍ ഇതാ ഇവിടെ ഈ
പെട്ടിയില്‍ നിക്ഷേപിക്കൂ.

ശ്രീനന്ദ said...

നാടിനെ ഫീല്‍ ചെയ്യിക്കുന്ന പോസ്റ്റ് . ബാക്കി കൂടെ പോരട്ടെ വേഗം..

Unknown said...

നല്ല രസമുണ്ട് വായിക്കാന്‍,ബാക്കി വേഗം ത്ഥന്നെ
പ്രതീക്ഷിക്കുന്നു.

Unknown said...

നന്നായി..വളരെ നന്നായി.എന്റെ അഭിനന്ദനങ്ങള്‍....നാട്ടിന്‍പുറത്തിന്റെ ചൂടും ചൂരുമുള്ള കഥ....അടുത്ത ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു....

Kaithamullu said...

ഇത് കടത്തുകാരി പുളിഞ്ചിരി. കറുകറുത്ത പുളിഞ്ചിരിയുടെ കെട്ട്യോന്‍ ചാത്തായി.
അവര്‍ക്ക് ആണ്മക്കള്‍ രണ്ട്; അപ്പുണ്ണിയും കുഞ്ഞുണ്ണിയും.ഇവരെല്ലാം ഉഗാണ്ടയില്‍ നിന്ന്
കേരളത്തില്‍ കുടിയേറി പാര്‍ത്തതാണെന്ന് ഒരൂഹണ്ട്.
---
കലക്കന്‍(നാടനും നര്‍മ്മവും കൂടിക്കലര്‍ന്ന) എഴുത്ത് അത്ക്കാ!

അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

ബഷീർ said...

കരിച്ചാല്‍ കടവ്‌ വഴി ചെറുപ്പത്തില്‍ ഒന്ന് രണ്ട്‌ തവണ പോയിട്ടുണ്ടെന്നാണു ഓര്‍മ്മ..

നാടിന്റെ മണമുള്ള ഓര്‍മ്മകളുമായി കരിച്ചാല്‍ കടവിലൂടെ ഈ കടത്തു വഞ്ചി ഇതേ സ്പീഡില്‍ തന്നെ നീങ്ങട്ടെ..

ആരവങ്ങളുമായി എതിരേല്‍ക്കാന്‍ ഞങ്ങളുണ്ട്‌..

OT
പിന്നെ , പോത്തോടിയ പോലെ യാവരുത്‌. പൂപ്പുവിന്റെ ഒരു വിവരവുമില്ലേ ..

OAB/ഒഎബി said...

മീന്‍, അലുമിനിയപാത്രം, ചക്കര, കാവത്ത്, ചേമ്പ്, വെറ്റിലയും. ഇനി കുറച്ച് അരി കൂടെ വേണം.
കഥയിലെ നായികാനായകന്മാറ് ഇവരൊക്കെ തന്നെയാണൊ അത്ക്കാ?. വേഗം എഴുതൂ ബാക്കി. എനിക്ക് ക്ഷമ കുറ്ച്ച് കുറവാണ്‍ കെട്ടൊ.

രസികന്‍ said...

നല്ല നാടന്‍ ശൈലിയിലുള്ള അവതരണം , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,

ആദ്യം കൊടുത്ത ഫോട്ടോ ഒരുപാടു കാലം പിറകിലേക്ക്‌ കൊണ്ടു പോയി , അന്ന് ഒഴുക്ക് വെള്ളത്തില്‍ കളിച്ചു വീട്ടില്‍ നിന്നും സ്ഥിരം തല്ല് മേടിക്കുന്ന ഒരു തല്ല് കൊള്ളിയായിരുന്നു ഞാന്‍

അത്കന് ഒരായിരം ആശംസകള്‍ മാത്രമല്ല ഒരുപാടു നന്ദിയും ഉണ്ട്

mumsy-മുംസി said...

അല്ലെങ്കിലും ഉപ്പുവെള്ളം കയറാത്ത ആ കായല്‍ തന്നെയാണ്‌ നമ്മള്‍ കൊച്ചനൂരുകാരുടെ മഹാസാഗരം. പുളിന്ച്ചിരിയെ ഞാന്‍ കണ്ടിട്ടില്ല 'വെത്തിലക്കാര'നെ അറിയാം . ആ പടു വൃദ്ധനെ വീണ്ടും കണ്ണില്‍ കാണിച്ചതിന്‌ നന്ദി.
നല്ല എഴുത്ത്. നന്ദി

Sharu (Ansha Muneer) said...

നല്ല രസികന്‍ എഴുത്ത്.. ബാക്കി ഭാഗം വേഗം വരട്ടെ... :)

ശ്രീ said...

നാടന്‍ ശൈലിയിലുള്ള നല്ല എഴുത്ത്. കൊള്ളാം മാഷേ. അടുത്ത ഭാഗങ്ങളും പോരട്ടേ...
:)

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു..

ഹാരിസ് said...

:)

ഹാരിസ് said...

:)

Typist | എഴുത്തുകാരി said...

അടുത്ത ഭാഗം വേഗം തന്നെ പോന്നോ‍ട്ടെ.

സുല്‍ |Sul said...

പോസ്റ്റ് വായിച്ചു തുടങ്ങിയപ്പോള്‍ വേറേതോ സ്ഥലത്ത് എത്തിയതു പോലെ. പഴയ ഒരു കടവ് നല്ല നിറപ്പൊലിമയോടെ വരഞ്ഞുവെക്കാന്‍ കഴിഞ്ഞിട്ടുണ്ട്, മുട്ടിനു മുട്ടിനു നര്‍മ്മവും. കൂടുതല്‍ വായിക്കാന്‍ തിടുക്കമായി അത്കാ.

-സുല്‍

Anonymous said...

വിവരണങ്ങള്‍ വളരെനന്നായിരിക്കുന്നു.......
തുടരുക,ഭാവുകങ്ങള്‍.

ചിതല്‍ said...

അതേ , എല്ലാവരും പറഞ്ഞത് തന്നെ,,,
നന്നായിട്ടുണ്ട്.. ശൈലിയും,,
തുടരുക..

yousufpa said...

ശ്രീനന്ദ,ഷിജിന്‍,ആഷിക്,കൈതമുള്ള്,ബഷീര്‍,ഓബ്,രസികന്‍,മുംസി,ഷാരു,ശ്രീ,ഹാരിസ്.എഴുത്തുകാരി,സുല്‍ഫി,കാവലാന്‍,ചിതല്‍ എന്നിവര്‍ക്ക് എന്‍റെ നന്ദി രേഖപ്പെടുത്തുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഓളപ്പരപ്പില് സ്വയം കണ്ണാടി നോക്കി കടവത്തേയ്ക്ക് ചാഞ്ഞ് നിലകൊള്ളുന്ന വയസ്സന് പേരാല് മരം.
അക്കരെ പച്ചത്തഴപ്പിനോട് വിടപറഞ്ഞ് നീങ്ങിവരുന്ന കടവുതോണി.
ഇരുകരകളെയും ബന്ധിപ്പിക്കുന്ന ചെറുവള്ളിക്കടവുപാലത്തിന്റെ വിദൂരദൃശ്യം.
കരകളിലേക്ക് കയറി ഏന്തിക്കിടക്കുന്ന ജലരാശി.
കടപ്പായിയില്‍നിന്ന് നോക്കുമ്പോള് ലഭിക്കുന്ന പഴയ കരിച്ചാല്‍കടവിന്റെ ചാരുതയുറ്റ ചിത്രം മനോഹരമായ ഒരു പെയിന്റിങ്ങ് പോലെ സ്വപ്നസന്നിഭം ..................

വായനിറയെ മുറുക്കാനിട്ട് ചവച്ച് ചുവപ്പിച്ച് ആയത്തില് വഞ്ചിതുഴയുന്ന പുളിഞ്ചിരി. അവരുടെ വഞ്ചിയില് കടത്തുകടന്ന് ഹൈസ്കൂളില് പോയി വന്ന എന്റെയും സതീര്‍ത്ഥ്യരുടെയും കൌമാരകാലം...........

അത്കന്റെ കുറിപ്പുകള് വായിച്ചപ്പോള് ഗതകാലസ്മരണകളുടെ ഒരു വേലിയേറ്റം മനസ്സിലേക്ക്.........

ആഖ്യാനം രസകരം. തുടരുക.

പള്ളിക്കരയില്

ഗീത said...

ആ ഭാഷ അങ്ങട്ട് ഇഷ്ടപ്പെട്ടു...

അടുത്തഭാഗം ഉടനെ ഉണ്ടാവൂലോ അല്ലേ?

കുറുമാന്‍ said...

ആ അനിലെന്തിനാ ഇപ്പോങ്ങ്ട് എഴുന്നള്ളിയേ...ഇല്ലെങ്കിലിതിത്തിരി കൂടി പോയേനെ.....കലക്കി യൂസഫ് ഭായ്, ,കലക്കി...അടുത്തത് വേഗം പോരട്ടെ......

ബ്ലോഗില്‍ രണ്ട് മൂന്ന് മാസായിട്ട് കേറാറില്ല....അതാ ഇത്ര അമാന്തം കാണാന്ന്.......അടുത്തത് സ്പോട്ടില്‍ വായ്ക്കാം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

aaha, photo okke ittu thudangiyallo...
kollaam.. aa kulam kaanumpozhe onnu neenthikkulikkaan thonnunnu

Anonymous said...

അത്ക്കന് നന്നായി വരക്കാനറിയാം എന്നു എനിക്കറിയാം. ഇതും ഉണ്ട് അല്ലെ.
കരിചചാലിന്ടെ ആ പഴയ ഭംഗി ഒരിക്കലും മറക്കാന് കഴിയില്ല നമുക്കൊന്നും അല്ലെ അത്ക്കാ.വളരെ നന്നായിട്ടുന്ട്.

ബാക്കി ഇനി എന്നാണ്....പെട്ടന്നു ആയിക്കൊട്ടെട്ടാ...

പിരിക്കുട്ടി said...

athkaa...

ennodu pinakkam illallo?

nannayittundu aduthathu vaayikkattetto?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പറ്റിച്ചല്ലൊ, കാരിച്ചാലാണെന്നു കരുതി ആര്‍ത്തിപിടിച്ച്‌ വായിച്ചതാ

ഏതായാലും നഷ്ടമൊന്നും വന്നില്ല നന്നായിട്ടുണ്ട്‌

ഇതെവിടാ ഈ സ്ഥലം?