Thursday, September 10, 2009

കല്യാണക്കുറിമാനങ്ങള്‍



അയല്‍വാസിയായ ആമിനാത്തയെ കാണാന്‍ ചെന്നതായിരുന്നു ഞാന്‍. ആയമ്മ ഒറ്റയ്ക്കാണ് താമസം. കൂട്ടിനായി അവര്‍ക്ക് കുറെ കോഴികളും. ഉമ്മറം ആകെ കോഴി കാഷ്ടിച്ചിരിക്കുന്നു. കോഴിക്കറിയില്ലല്ലോ ഇത് ഉമ്മറമാണെന്ന്. ഉമ്മറത്തേക്ക് കയറാതെ മിറ്റത്ത് മടിച്ചു നില്‍ക്കുന്ന എന്നെ കണ്ട് ‘കയറി ഇരുന്നോ മോനെ’ എന്ന് പറഞ്ഞ് ഒരിരിപ്പിടവുമായി അവര്‍ അകത്ത് നിന്നും വന്നു. നോക്കുമ്പോള്‍ അതിലും കോഴിക്കാഷ്ടം. കോഴികളെ പണ്ടാരടങ്ങാന്‍ പ്രാകിക്കൊണ്ട് കാഷ്ടം കോരാന്‍ കൊണ്ടുവന്ന സാധനം കണ്ട് ഞാന്‍ അറിയാതെ വലിയവായില്‍ ചിരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഒരാര്‍ഭാട കല്യാണത്തിന്‍റെ കുറിമാനമായിരുന്നു അത്. ‘എന്തെ മോനെ ഇങ്ങനെ ചിരിക്കാന്‍’ എന്ന് ചോദിച്ച് അന്തിച്ച് നില്‍ക്കുന്ന ഇത്തയോട് ഞാന്‍ പറഞ്ഞു. ‘ഇത്ത ആ കല്യാണക്കത്തിന് ഏകദേശം നാല്പത് രൂപയോളം വരും’. ‘ആവൂ ന്‍റെ പഹേരെ..!!?. ആ കായി ഇനിക്ക് തന്നീര്‍ന്നെങ്കില് ഒരു നേര്‍ത്തെ മീന്‍ വേടിക്കായിരുന്നു’ എന്ന് പറഞ്ഞ് അവര്‍ മുഖത്ത് കഷ്ടം വെച്ച് നിന്നു.



കല്യാണക്കുറികള്‍ പലവിധമാണ്. അതൊരു അഭിമാനത്തിന്‍റെ പ്രശ്നമാണെന്ന്‍ തോന്നുന്നു. ആള്‍ക്കാരുടെ അന്തസ്സും തൊഴിലും അനുസരിച്ചാണ് ചിലപ്പോള്‍ കല്യാണക്കുറി നിര്‍മ്മിക്കുന്നതെന്ന് തോന്നിപ്പോകും. ഈയിടെ ഒരു ക്ഷണക്കത്ത് കാണാന്‍ ഇടയായി. തൃശ്ശൂരിലെ പ്രമുഖ റിയലെസ്റ്റേറ്റ് വ്യവസായിയാണ്. അദ്ദേഹത്തിന്‍റെ മകന്‍റെ വിവാഹത്തിന് നിര്‍മ്മിച്ചത് ചുവന്ന നിറത്തിലുള്ള ഒരു കാര്‍ഡ്. കണ്ടാല്‍ വീടിന്‍റെ ആധാരമാണെന്ന് തോന്നും. പുന്നയൂര്‍ക്കുളത്തെ പ്രമുഖ ട്രാവല്‍ ഏജന്‍സി ഉടമയുടെ കല്യാണക്കുറി എയര്‍ ഇന്ത്യ ടിക്കറ്റിനോട് സാമ്യമുള്ളതായിരുന്നു.

കല്യാണക്കുറി തൊട്ട് തുടങ്ങുന്നു വിവാഹത്തിന്‍റെ ആര്‍ഭാടങ്ങള്‍. ഇന്ന് എല്ലാം ഇവന്‍റ് മാനേജ്മെന്‍റില്‍ ഒതുങ്ങിയിരിക്കുന്നത്. പണ്ടെല്ലാം അയല്‍വാസികളാലും നാട്ടുകാരാലും ഭംഗിയായി നടന്നിരുന്ന ഒന്നായിരുന്നു.
ഇന്ന് ക്ഷണക്കത്ത് നിര്‍മ്മാണം ഒരു വന്‍ വ്യവസായമാണ്. അവിടെ, ഒരു പാട് ജീവിതങ്ങളാണ് ഉപജീവനം കഴിച്ചുപോരുന്നത്. ഗ്രാഫിക് ഡിസൈനിംഗില്‍ വിവിധ തലങ്ങളെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. എങ്കിലും, ഇത്രയധികം ധനം ഇതിനായി ചിലവഴിക്കേണ്ടതുണ്ടോ?. വളരെ ലളിതമായി നമുക്ക് ഇത് നിര്‍വ്വഹിക്കാന്‍ കഴിയില്ലേ?. അനാവശ്യമായി നാം ചിലവഴിക്കുന്ന ധനത്തില്‍ നിന്ന് നമുക്ക് നമ്മുടെ അയല്‍ക്കാരന്‍റെ കെട്ടുപ്രായം കഴിഞ്ഞ് നില്‍ക്കുന്ന അല്ലെങ്കില്‍ കിടക്കാന്‍ കൂരയില്ലാത്ത പാവപ്പെട്ടവന് നല്‍കാന്‍ കഴിയില്ലേ?. അതൊ, നമ്മുടെ കൊച്ചിന്‍റെ അപ്പി കോരാനും കോഴിക്കാഷ്ടം കോരാനും നമ്മുടെ പണത്തെ കുറിമാന രൂപത്തില്‍ .............?.

പിന്‍‌കുറി: “പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങൂല”

10 comments:

yousufpa said...

വിവിധ മാനങ്ങളോടേ കുറിമാനങ്ങള്‍...
വായിക്കുക, അഭിപ്രായം അറിയിക്കുക.

mumsy-മുംസി said...

:)

കരീം മാഷ്‌ said...

പപ്പടത്തില്‍ കല്ല്യാണക്കുറിയടിച്ചു തരണമെന്നാവശ്യപ്പെട്ടു പ്രസ്സില്‍ വന്ന ഒരു പാര്‍ട്ടിയെ ഓര്‍ക്കുന്നു.
ചുരുങ്ങിയ പക്ഷം ആ ക്ഷണക്കത്തു കോഴിക്കാഷ്ടം കോരാനെങ്കിലും ഉപയോഗില്ല. വെറുതെ ഒന്നു അടുപ്പിലിട്ടാല്‍ ഒരു മിനിട്ടു നേരം കറുമുറു പറയാം.

Anonymous said...

vasthavam, kaalanusruthamayi kallyana kuriyilea arbhadam mathramella,
kallyana thalennum, kallyana pittennum okke aayirikkunnu....!

ponpulary said...

:)

kichu / കിച്ചു said...

കല്യാണ ധൂര്‍ത്തിന്റെ അദ്യത്തെ തെളിവാണ് ഈ കുറിമാനങ്ങള്‍.

ഒരു വിരുന്നില്‍ കല്യാണം ക്ഷണിക്കാനെത്തിയ മാന്യന്റെ മകന്റെ കല്യാണക്കുറിയും പിടിച്ച് ജനം പിരിഞ്ഞത്, ഒരു വലിയ ബിരുദദാനച്ചടങ്ങ് കഴിഞ്ഞ് ബൌണ്ട് ചെയ്ത കനത്തിലുള്ള ഡിഗ്രീ സ സര്‍ട്ടിഫിക്കറ്റ് മാറത്തടുക്കി പോകുന്ന ബിരുദധാരികളെപ്പോലെ ആയിരുന്നു.
അരക്കിലൊ എങ്കിലും ഉണ്ടായിരുന്നു. അതിശയോക്തി അല്ല.

എന്തു പറയാന്‍ :(

|santhosh|സന്തോഷ്| said...

സ്വന്തം കല്യാണക്കുറി അലെങ്കില്‍ മകളുടെ/മകന്റെ കല്യാണക്കുറി ഗംഭീരമാകണമെന്ന് കരുതാത്ത ആരുണ്ടീ കേരളത്തില്‍? തന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ചല്ലേ അവന്‍ ചിലവ് ചെയ്യുന്നത് അതില്‍ നാട്ടൂകാര്‍ക്ക് ഇത്ര പരിഭവം എന്തിനു? കല്യാണത്തിലെ ധൂര്‍ത്തിനെ പറ്റി പറയുന്നവര്‍, കല്യാണത്തിനു പങ്കെടുക്കാന്‍ പോകുമ്പോള്‍ താന്‍ സ്വയം ചെയ്യുന്ന ധൂര്‍ത്തിനെ പറ്റി ഓര്‍ക്കാത്തതും വാചാലരുമാകാത്തതെന്തെ? വില കൂടിയ ഷര്‍ട്ട്/പാന്റ്/ചുരിദാര്‍/പട്ടുസാരി ഉടുക്കാതെ, പെണ്ണുങ്ങളാണെങ്കില്‍ തലേദിവസമോ രണ്ടുദിവസം മുന്‍പോ ബ്യൂട്ടിപാര്‍ലറില്‍ പോകാതെയോ ഒരു കല്യാണ വിരുന്നിനു പോകാറുണ്ടോ? ചുരുക്കം പറഞ്ഞാല്‍ ഒരു കല്യാണ വിരുന്നില്‍ പങ്കെടൂക്കാന്‍ നമ്മള്‍ സ്വയം നല്ലൊരു തുക (അണിഞ്ഞൊരുങ്ങാന്‍) ചിലവാക്കുന്നു, അതും ആരാന്റെ കല്യാണത്തിന്. എന്നിട്ടാണ് ആരാന്റെ കല്യാണത്തിന്റെ കല്യാണക്കുറി ആര്‍ഭാടമാകുന്നതില്‍ നമുക്ക് വിഷമം.

ഈ അസൂയ...കുശുമ്പ് എന്നതൊക്കെ വിദ്യാഭ്യാസം കിട്ടിയാലും ഉയര്‍ന്ന ജീവിതനിലവാരം ഉണ്ടായാലും വിദേശത്തു താമസിച്ചാലുമൊന്നും മാറാത്ത സൂക്കേടാണല്ലേ..

yousufpa said...

പ്രിയ സുഹൃത്തെ സന്തോഷ്,
ഇതില്‍ ഒരസൂയയുടെ പങ്ക് ഒരിക്കലും ഇല്ല. ഇത് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ എഴുതിയതാണ്. എന്‍റെ പിതാവ് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ആണ്. അദ്ദേഹത്തിന്‌ ദിനം പ്രതി ലഭിച്ചു കൊണ്ടിരിക്കുന്ന ക്ഷണക്കത്തുകളുടെ എണ്ണങ്ങളില്‍ സിംഹഭാഗവും ഇത്തരം വിലകൂടിയതാണ്. ഇതെല്ലാം ആ ദിവസം കഴിഞ്ഞാല്‍ കത്തിച്ചു കളയുകയോ അല്ലെങ്കില്‍ പോസ്റ്റില്‍ സൂചിപ്പിച്ച കാര്യങ്ങളാണ്‌ ചെയ്യുക. ഈ കുറച്ച് ദിവസത്തിന്‌ വേണ്ടി ഇത്ര ധനം ചിലവഴിക്കേണ്ടതുണ്ടോ?. ഒരു വക ധൂര്‍ത്തുമില്ലാതെ സ്ത്രീധനം വാങ്ങാതെ ഏകദേശം രണ്ട് രൂപ വില വരുന്ന ക്ഷണക്കത്തിലൂടെ വധുവിന്‌ അങ്ങോട്ട് സ്വര്‍ണ്ണം നല്‍കി വിവാഹം ചെയ്തവനാണ്‌ ഞാന്‍ .
പിന്നെ താങ്കള്‍ സൂചിപ്പിച്ച മറ്റൊരു കാര്യം .കല്യാണത്തിന്‌ പുതുവസ്ത്രങ്ങള്‍ എടുക്കുന്നതിനെ കുറിച്ചാണ്. കല്യാണ വീട്ടിലെ സ്വന്തക്കാരല്ലാതെ മറ്റാരാണ്‌ പുതിയതെടുക്കാറ്?. ഇനി അഥവാ എടുത്താല്‍ തന്നെയും അത് പിന്നീട് ഉപയോഗിക്കാമല്ലൊ.
വിദേശത്ത് താമസിച്ചാല്‍ ധൂര്‍ത്തടിക്കണം എന്നാണൊ താങ്കള്‍ പറഞ്ഞു വരുന്നത്. വിദേശത്തായാലും നാട്ടിലായാലും അധ്വാനത്തിന്‍റെ ഫലമറിയുന്നവന്‍ ഒരിക്കലും ധൂര്ത്തടിക്കില്ല.



ഇനി തങ്കള്‍ക്കൊരുപായം പറഞ്ഞു തരാം -വസ്ത്രങ്ങളോ മറ്റോ വാങ്ങുമ്പോള്‍ അല്പം വില കൂടിയാലും ഗുണനിലവാരമുള്ളത് എടുക്കുക.അങ്ങനെയാണെങ്കില്‍ സാധനങ്ങള്‍ ഈട് നില്ക്കും .

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ധൂര്‍ത്തിനു ബഹുമുഖം.
നാടോടുമ്പോള്‍ എല്ലാവരും നടുവെ ഓടുകതന്നെയാണ്‌.
ഉലകം പലമാതിരി.

OAB/ഒഎബി said...

എന്റെ അടുത്ത കല്ല്യാണത്തിന് ഞാൻ കത്ത് അടിപ്പിക്കുന്നില്ല എന്ന് വച്ചു..:):)