Sunday, April 13, 2008

പണ്ടു പണ്ടൊരു വിഷു പുലരി
എന്‍റെ ഉമ്മയുടെ പേര്‍ ഖദീജ എന്നാണെങ്കില്‍,വേണ്ടപ്പെട്ടവരെല്ലാം സ്നേഹത്താല്‍ കയ്യാവു എന്നു വിളിയ്ക്കും.അയല്‍വാസികളായ ആശ്രിതരെല്ലാം കയ്യാവുമ്മ എന്നും വിളിച്ചിരുന്നു.
തറവാട്ടിലെ അവസാന അംഗമായതു കൊണ്ടാകാം ഉമ്മയ്ക്കാണ്,തറവാട് ലഭിച്ചത്.
അതു കൊണ്ടു തന്നെ എപ്പോഴും വിരുന്നുകാരായി ആരെങ്കിലുമൊക്കെ ഉണ്ടാകും.സമൃദ്ധിയില്ലെങ്കിലും ഞങ്ങള്‍ ഉണ്ണുന്നത് പോലെ മറ്റ്ള്ളവരേയും ഊട്ടാന്‍ ഉമ്മ മറക്കാറില്ല.പ്രത്യേകിച്ച് അയല്‍ക്കാരുടെ കാര്യത്തില്‍..!!.

വീട്ടിലെ തിരക്കും സൌഹൃദവും കാണുമ്പോള്‍ ഞങ്ങളുടെ ബന്ധുക്കളില്‍ പലര്‍ക്കും ഞങ്ങളോട് കുശുമ്പ് തോന്നാറുണ്ട്.ചിലപ്പോഴൊക്കെ ചില അസ്വാരസ്യങ്ങളും സംഭവിയ്ക്കാറുണ്ട്.

ഒരിയ്ക്കല്‍,കുഞ്ഞമ്മായി വീട്ടില്‍ വന്നത് ഉച്ചയ്ക്ക് ഉണ്ണാനിരുന്നപ്പോഴായിരുന്നു.ഉണ്ണാന്‍ അടുത്ത വീട്ടിലെ ശാരദേച്ചിയും ഉണ്ടായിരുന്നു.ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു ഉണ്ണാനിരുന്നത്.(അല്ലെങ്കിലും ഞങ്ങടെ വീട്ടില്‍ രണ്ടു പന്തി ഇടാറില്ല.) അതു കണ്ടിട്ടാകണം കുഞ്ഞമ്മായീടെ മുഖമിരുണ്ടു.ഉമ്മയ്ക്ക് കാര്യം പിടികിട്ടി.

അതൊന്നും കാര്യമാക്കാതെ ഉമ്മ ഉണ്ണാനായി വിളിച്ചു.
ഇത്താ...ചോറ് കഴിയ്ക്കാന്‍ വരീന്‍..മത്തി തപ്പു വെച്ചതുണ്ട്..?
വേണ്ട, ഇയ്യെന്നെ കയിച്ചാമതി..
എന്നു പറഞ്ഞ് മുന്‍ഭാഗത്തെ വരാന്തയില്‍ ചെന്നിരുന്നു.
ഉമ്മയും പിന്നാലെ ചെന്നു, എന്നിട്ട് ചോദിച്ചു-

എന്തെ..ഇത്താ..ഇങ്ങനെ ....വല്ലാണ്ട്..?

ഹല്ലാ..അനക്ക് വിറുത്ത്യും വെടുപ്പും ഇല്ലാച്ചിട്ട്...ഇനിക്കത്ണ്ടേയ്.

അതിനെന്താ..ഇത്താ ഉണ്ടായി...?

കണ്ട മൂത്ത്രൊഴിച്ചാ വെള്ളട്ക്കാത്തോറ്റീങ്ങളെ മടീ കേറ്റി ചോറ് കൊടുത്തോ, ഇന്നെ അയിനു കിട്ടില്ല.നിയ്ക്ക് നിസ്കാരൊം ഇബാദത്തൊ*ക്കെണ്ടൈ.

ഇത്രയൊക്കെ കേട്ടപ്പോള്‍, ഉമ്മയും അടങ്ങിയിരുന്നില്ല.

ഞാനുള്ള കാലത്തോളം ഇവരൊക്കെ എന്നും ഉണ്ടാകും.അല്ലെങ്കിലും എന്റെ കാര്യത്തിനു ഇവരൊക്കേ ണ്ടായിട്ടുള്ളൂ.

പിന്നെ,വൃത്തിയുടെ കാര്യം പറഞ്ഞൂലൊ..? ആദ്യം അത് മനസ്സിനുണ്ടാകണം.
ഒരു ജൂതനെ പള്ളീല്‍ കയറ്റി താമസിപ്പിച്ച നബി(സ)യുടെ അനുയായികളാ നമ്മള്.
ആ നബി(സ) തന്ന്യാ അയല്‍ക്കാരനേം സ്നേഹിക്കാന്‍ പഠിപ്പിച്ചത്.

ഇത്രയും പറഞ്ഞപ്പോഴേക്കും ഉമ്മ സങ്കടം വന്ന് കരയാനും ഏക്കം വലിക്കാനും തുടങ്ങി.മനസ്സ് നിറയെ സ്നേഹമുള്ള ഉമ്മയുടെ ദൌര്‍ബല്യമാണ് സങ്കടം.പിന്നെ, ഏക്കം വലി കൂടപ്പിറപ്പും.

യാഥാസ്തികയായ കുഞ്ഞമ്മായി മുറു..മുറുത്തു കൊണ്ട് സ്ഥലം കാലിയാക്കി.

ബന്ധുക്കളേക്കാള്‍ കൂടുതല്‍ അടുപ്പം എന്നും ഞങ്ങള്‍ക്ക്, അയല്‍ക്കാരോടും ഉപ്പയുടെ സുഹ്രുത്തുക്കളോടും അവരുടെ കുടുംബാംഗങ്ങളോടുമായിരുന്നു.

അത് കൊണ്ടുതന്നെ ഞങ്ങള്‍ മക്കളിലും അത്തരം ഉഛനീചത്വങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഞങ്ങളെല്ലാം ഏകോദര സഹോദരങ്ങളായി ജീവിച്ചു പോന്നു.


മാളുവമ്മയുടേയും അമ്മുവമ്മയുടേയും വിളി കേട്ടാണ് വിഷുവിന്‍ പുലര്‍കാലത്ത് ഞങ്ങളുണരാറ്.
അവരുടെ അഞ്ചു സെന്റില്‍ വിളയിച്ച പൂവന്‍ പഴവും കണിവെള്ളരിയും കായ്കനികളും കാഴ്ചവെച്ച് ഉമ്മയില്‍ നിന്നും കൈനീട്ടം വാങ്ങാതെ അവര്‍ക്ക് വിഷു ഇല്ല.കാരണം ഉമ്മയുടെ കയ്യില്‍ നിന്നും കിട്ടുന്നതിന് ഐശ്വര്യം കൂടും എന്നാണവരുടെ വിശ്വാസം. ഭിക്ഷക്കാര്‍ വരെ ഉണ്ടാകും ആ കയ്യില്‍ നിന്ന് ദക്ഷിണ വാങ്ങാനായി.ആര്‍ക്കും പരാതിയ്ക്ക് വകയില്ലാതെ മനസ്സറിഞ്ഞ് നല്‍കും.

ഞങ്ങള്‍ കുട്ടികള്‍ക്ക് വിശേഷം ഗോവിന്ദേട്ടന്‍ വരുമ്പോഴാണ്.കൈ നിറയെ പടക്കം ണ്ടാവും.മാളുവമ്മേടെ മകള്‍ ദേവുഏടത്തീടേ ഭര്‍ത്താവാണ് ഗോവിന്ദേട്ടന്‍.മാലപടക്കം കയ്യില്‍ പിടിച്ച് പൊട്ടിക്കും ഒരു പേടീല്ലാതെ ആ ഏട്ടന്‍.

മദിരാശീന്ന് അപ്പു അളിയനും ലളിത മാമീം പ്രൌണയും പ്രസീം വന്നാല്‍ ബഹുവിശേഷാണ്.എന്റെ ഉപ്പയുടെ ചങ്ങാതിയാണ് അദ്ദേഹം.എല്ലാര്‍ക്കും ഉടുവടേണ്ടാവും*.

പിന്നെ രവ്യേട്ടന്റെ മാങ്ങയോ,ഞാവല്‍ പഴമോ ഒക്കെ എത്തീട്ടുണ്ടാകും.

കുഞ്ഞോള്‍ടെ കോഴുക്കട്ട.ലക്ഷ്മി ഏടത്തീടെ അടപ്പായസം.

അങ്ങിനെ ഓര്‍മ്മിയ്ക്കാനായി ഞങ്ങള്‍ക്കില്ലാതിരുന്നത് കണിക്കൊന്ന മാത്രമായിരുന്നു.ഞങ്ങടെ നാട്ടില്‍ കണിക്കൊന്ന ഇല്ലായിരുന്നു.ഈ അടുത്ത കാലത്താണ് അവിടവിടായി കൊന്ന പൂക്കാന്‍ തുടങ്ങിയത്.

അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ആ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഈ വിഷു ദിനം സമര്‍പ്പിക്കട്ടെ.

*പ്രാര്‍ത്ഥനയും മറ്റു ആരാധനാ കര്‍മ്മങ്ങളും


*ഉടയാടകള്‍

21 comments:

അത്ക്കന്‍ said...

പ്രിയപ്പെട്ടവര്‍ക്കെല്ലാം വിഷുദിനാശംസകള്‍...
ഒന്ന് പോസ്റ്റീട്ട് നോക്കേതാ..
എല്ലാരുമൊന്ന് കേറീട്ട് പോണേ..?

കാവലാന്‍ said...

കൊള്ളാം ട്ടോ,സ്മരണകളില്‍ നമനിറഞ്ഞ ഒരുഭൂതകാലം സൂക്ഷിക്കാനാവുന്നത് വളരെ നല്ലത്.

kilukkampetty said...

നല്ല ഓര്‍മ്മകള്‍. സ്നേഹിക്കാന്‍ മതം അല്ല മനം ആണ് വെണ്ടത് എന്നു കുറച്ചുപേര്‍ക്കെങ്കിലും മനസ്സിലാക്കി കൊടുത്ത ആ അമ്മയെ ഞങ്ങള്‍ക്കും പരിചയപ്പെടുത്തിയതിന് നന്ദി.
ഋ(r^). ഋ ഉപയോഗിക്കണ്ട പല സ്ഥലത്തും വേറേ അക്ഷരം കാണുന്നു. ഞാനും അങ്ങനെ തന്നെ ആയിരുന്നു, ഗീതാ ഗീതികള്‍ എന്ന റ്റീച്ചര്‍ ആണ് എനിക്കു ഇതു പറഞ്ഞു തന്നത്.

അത്ക്കന്‍ said...

കിലുക്കാന്‍പെട്ടിയില്‍ നിന്നും ഒരു ചില്ലക്ഷരം നല്‍കിയതിന് നന്ദി.ഒപ്പം ഗീതാഗീതികള്‍കും.

Rare Rose said...

അത്ക്കാ..,മധുരമുള്ള ആ നല്ല സ്മരണകള്‍ പങ്കുവച്ചതിനു നന്ദി..സ്നേഹനിധിയായ ആ ഉമ്മയെപ്പോലെ എല്ലാരും മതവും ,ജാതിയും നോക്കാതെ ഉള്ളു തുറന്നു അയല്‍ക്കാരെ സ്നേഹിച്ചിരുന്നുവെങ്കില്‍ എന്നാലോചിച്ചു പോകുന്നു...വൈകിപ്പോയെങ്കിലും എന്റെ വകേം ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...

മാര്‍ജാരന്‍ said...

കൊച്ചന്നൂര്‍ ആണല്ലെ.ഞാനവിടെ വരാറുണ്ട്.ചെറുവത്താനി മുതല്‍ കൊച്ചന്നൂര്‍ വരെ സൌഹൃദങ്ങളുണ്ട്.മാര്‍ജ്ജാരനെ കാണാന്‍ വന്നതില്‍ സന്തോഷം.

Areekkodan | അരീക്കോടന്‍ said...

.
അത്‌ക്കന്‍ജീ.....ഈ വിഷുക്കണി കാണാന്‍ വൈകി.നല്ല ഓര്‍മ്മകള്‍...ഇന്ന് നമ്മുടെ ചുറ്റും ഇത്തരം അസമത്വങ്ങള്‍ വീണ്ടും തലപൊക്കി തുടങ്ങിയിരിക്കുന്നു.ഇസ്‌ലാം പഠിപ്പിച്ച മതസൗഹാര്‍ദ്ദം കാറ്റില്‍ പറത്തി സങ്കുചിതത്വ ചിന്തകള്‍ ഉയര്‍ന്നുവരുന്നു.കാലം പിന്നോട്ട്‌ തന്നെ തിരിഞ്ഞെങ്കില്‍ എന്ന് വെറുതേ മോഹിച്ചുപോകുന്നു,
My vishu post : http://abidiba.blogspot.com/2008/04/blog-post_15.html#links

SANG-EXCLU said...

അങ്ങിനെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഈ വിഷു.........

അമൃതാ വാര്യര്‍ said...

കഴിഞ്ഞ നാളുകളിലെ
ഒരു പിടി നല്ല ഓര്‍മ്മകള്‍
എന്നെന്നും നിലനില്‍ക്കും...
മറക്കാതിരിക്കാന്‍ അവ
നമുക്കിടയില്‍ ചിലതൊക്കെ
ഒളിപ്പിച്ചുവയ്ക്കും.....
വിഷുക്കാലത്തെ ചില സ്മരണകള്‍ പോലെ...

ഗീതാഗീതികള്‍ said...

അത്ക്കന്‍, ഉമ്മയുടെ മുന്‍പില്‍ ഞാനും നമസ്കരിക്കുന്നു, കണ്ടിട്ടില്ലെങ്കിലും...
കോഴിക്കോട് ഞങ്ങള്‍ താമസിച്ചിരുന്നപ്പോള്‍ ധാരാളം മുസ്ലിം കുടുംബക്കാര്‍ ഞങ്ങള്‍ക്ക് സുഹൃത്തുക്കളായി ഉണ്ടായിരുന്നു.
ഇപ്പോഴും ഉണ്ട് വളരെ ക്ലോസ് ആയ ഒരു മുസ്ലിം ഫാമിലി ഞങ്ങള്‍ക്ക് അടുത്ത ബന്ധുക്കളെപ്പോലെ...
അവിടത്തെ ആന്റി ഗുരുവായൂരമ്പലത്തില്‍ തൊഴുതിട്ടുമുണ്ട്...
എല്ലാവരുടേയും ഞരമ്പിലൊഴുകുന്ന ചോരക്ക് നിറം ഒന്നു തന്നെയല്ലേ

ഹൃദയം നിറഞ്ഞു ഈ പോസ്റ്റ് വായിച്ച്....

അത്ക്കന്‍ said...

കമന്റടിച്ച എല്ലാര്‍ക്കും നന്ദീണ്ട് ട്ടോ...

അശ്വതി said...

എനിക്ക് അറിയാവുന്ന മിക്ക മുസ്ലിം സമുദായക്കാരും വളരെ നിഷ്കളങ്ക രാണ്.
വളരെ നന്നായി..പ്രത്യേകിച്ചും വേണ്ടതിനും വേണ്ടാത്തതിനും ജാതി പറയുന്ന ഈ കാലത്ത്...വായിച്ചു സ്നേഹിച്ചു പോയി ആ ഉമ്മയെ ...

rumana | റുമാന said...

കൊള്ളാം ... കണികാണാനില്ലാത്ത കാലത്തെ വീഷുക്കണിയായി... ചില നല്ല ഓര്‍മകള്‍ മാത്രമിന്ന് ബാക്കീ...

ഇങ്ങിനെ കുറെ ഉമ്മമാരുണ്ടായിരുന്നെങ്കില്‍....
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ചില മംഗ്ലീഷ് രൂപങ്ങള്‍ നോക്കുക.

s_nEhithan =സ്‌നേഹിതന്‍

suhr~thth =സുഹൃത്ത്

pon_naaLam = പൊന്‍‌നാളം

kathha = കഥ

engine# = എങ്ങിനെ

nee ninneththanne uddharikkoo! നീ നിന്നെത്തന്നെ ഉദ്ധരിക്കൂ!

swayam adhaHpathikkaathirikkoo. സ്വയം അധഃപതിക്കാതിരിക്കൂ.

ninte bandhu neethanneyaaN~, നിന്റെ ബന്ധു നീതന്നെയാണ്,

ninte Sathruvum neethanne. നിന്റെ ശത്രുവും നീതന്നെ.

ഇനി മലയാളത്തിനിടക്ക് ഇംഗ്ലീഷ് എഴുതണമെങ്കില്‍ അതിനും മാര്‍‌ഗ്ഗമുണ്ട്.

ഉദാ:- 'ഡോക്ടര്‍ അബ്ദുസ്സമദ്MBBS'

ഇത് ഇങ്ങിനെ എഴുതാം.

'DOkTar abdussamad{MBBS}'

അല്‍പ്പം പരിചയപ്പെട്ടാല്‍ പേനകൊണ്ട്‌ എഴുതുന്നതിനേക്കാള്‍ വേഗതയില്‍ നമുക്ക്‌ മലയാളം വരമൊഴി ഉപയോഗിച്ച്‌ ടൈപ്പ്ചെയ്യാനാകും. വലിയ മാറ്ററുകള്‍ തെറ്റുകൂടാതെ എഴുതുവാന്‍ ഏറ്റവും അനുയോജ്യമായ സോഫ്റ്റ്‌വെയറാണ്‌ വരമൊഴി.,,

കൂടുതലറിയാന്‍ http://malayalamwriting.blogspot.com/ എന്ന ബ്ലോഗ് കാണുക

അത്ക്കന്‍ said...

അശ്വതി..
വിരുന്നൂട്ടാന്‍ വിഭവങ്ങള്‍ കാര്യമായി ഒന്നുമില്ലെങ്കിലും,ഊട്ടിയതിന്റെ രുചി അറിയിച്ചതില്‍ വളരെ സന്തോഷം.

റുമാന..
കുറേ ചില്ലക്ഷരങ്ങള്‍ എനിയ്ക്കു പകര്‍ന്നു നല്‍കി.
എഴുതാന്‍ പഠിപ്പിച്ച ദൈവത്തിന്റെ പേരില്‍ ഞാന്‍ നന്ദിയറിയിക്കട്ടെ.

Kichu & Chinnu | കിച്ചു & ചിന്നു said...

നന്നായി, മനസ്സില്‍ നന്മ സൂക്ഷിക്കുന്ന ആ ഉമ്മയ്ക്കും ഉമ്മയുടെ മകനും വിഷു ആശംസകള്‍.

Ranjith chemmad said...

ആണ്ടറുതികള്‍ അന്യമാകുന്ന നമുക്ക്,
പ്രത്യേകിച്ച് 'മണല്‍‌വാസികള്‍ക്ക്'
ഇങ്ങനെയൊരു വിഷുവിന്റെ നനുത്ത
ഓര്‍മ്മ തന്നതിന് നന്ദി....
ആശംസകളോടെ,
രണ്‍ജിത്ത് ചെമ്മാട്

Ranjith chemmad said...

ആണ്ടറുതികള്‍ അന്യമാകുന്ന നമുക്ക്,
പ്രത്യേകിച്ച് 'മണല്‍‌വാസികള്‍ക്ക്'
ഇങ്ങനെയൊരു വിഷുവിന്റെ നനുത്ത
ഓര്‍മ്മ തന്നതിന് നന്ദി....
ആശംസകളോടെ,
രണ്‍ജിത്ത് ചെമ്മാട്

smitha adharsh said...

വരാന്‍ വൈകി..ഒരു കമന്റ് ന്റെ വാല് പിടിച്ചു എത്തിയതാണ്...വെറുതെയായില്ല..നിറച്ചും സ്നേഹം കിട്ടി..നന്ദി...ഇനിയും വരാം..

My......C..R..A..C..K........Words said...

iniyum orupaadu vishu aaghoshikkaan saadhikkatte...ningalude naattil orupaadu konnakal iniyum pookkatte

ഹരിയണ്ണന്‍@Hariyannan said...

അത്ക്കന്‍..

നിങ്ങളെപ്പോലുള്ള മനുഷ്യരുടെ മനസ്സിലാണ് കൊന്നപ്പൂക്കള്‍ വിടര്‍ന്നുതൂങ്ങുന്നത്..
ആ ഉമ്മയുടെ മനസ്സലിവാണ് ഏറ്റവും വലിയ കാണിക്ക!!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പോയനാളുകളിലെ സുന്ദരമുഹൂര്‍ത്തങ്ങള്‍.. സ്നേഹത്തിന്റെ വസന്ധകാലം നന്നായിട്ടുണ്ട്.