Tuesday, April 22, 2008

പടിപ്പുര

















സത്യഭാമ എല്ലാം ഓര്‍ത്തെടുക്കുകയായിരുന്നു.










ആദ്യമായി,അഛന്റെ കൈ പിടിച്ച് ഈ പടി കയറിയത് പരിഭ്രമത്തോടെ ആയിരുന്നു.





പോറ്റി മാഷാണ് ഇവിടെ താമസം ശെരിയാക്കി തന്നത്.




പോറ്റി മാഷ് അഛന്റെ ചെങ്ങാതിയാണ്.അവരൊരുമിച്ചായിരുന്നൂത്രെ തിരുവില്വാമല സ്കൂളില് പഠിപ്പിച്ചിരുന്നത്.അഛന്റെ താവഴിയായി ഞാനും ടീച്ചറായി, മാഷെ നാടായ വില്യാകുറിശ്ശിയില്‍ എത്തിയതോടെ ആ സുഹൃത്ത് ബന്ധത്തിന് ഒന്നു കൂടി തിളക്കം വന്നു.




ആദ്യത്തെ പോസ്റ്റിംങ്ങ് ദൂരെ ആയത് കൊണ്ട് ഇത്തിരി പ്രയാസണ്ടായിരുന്നു.പിന്നെ മാഷെ നാട്ടിലേക്കാണല്ലൊ എന്നോര്‍ത്തപ്പോഴാണ് സമാധാനായത്.
മാഷെ വീട്ടില്‍ താമസ സൌകര്യം ഒരുക്കി എങ്കിലും,മനപ്പൂര്‍വ്വം വേറെ ഒന്നിന് ശ്രമിക്കയായിരുന്നു.ഒരു പാട് അംഗങ്ങളുള്ള ആ കൊച്ചു വീട്ടില്‍ ഒരധികപ്പറ്റാവരുതെന്ന് കരുതി.








പേടിക്കാനൊന്നുമില്ല കുട്ടീ, ആ ലക്ഷ്മിഅമ്മേടെ അടുത്ത് എല്ലാം ഭദ്രമായിരിക്കും.പോറ്റി മാഷ് പറഞ്ഞു.





ശെരിയായിരുന്നു- മുഖത്ത് നിറയെ ചിരിയുള്ള,തലയില്‍ നെറേ മുടിയുള്ള ഐശ്വര്യമുള്ളൊരു ഒരു മുത്തശ്ശി..!!










ങ്ങട് കേറിരിയ്ക്കാലൊ മാഷെ.., ജാനുവേ..ഈ കുട്ടീടെ പെട്ടീം സാമാനെല്ലാം എടുത്ത് അകത്തേയ്ക്ക് വെയ്ക്കാ...





ന്താ പേര്.?





സത്യഭാമ.





എവിട്യാ നാട്.?





ഗുരുവായൂര്.





കൃഷ്ണ...കൃഷ്ണാ‍...ഗുരുവായൂരൊ...? അമ്പലത്തിനടുത്താണൊ..?





ശ്വാസം വിടാതെ ചോദ്യമുതിര്‍ക്കുന്ന മുത്തശ്ശിയുടെ മുഖത്ത് കൌതുകത്തോടെ നോക്കിയിരിക്കയായിരുന്നു അഛന്‍. ആ മുഖത്തെ ശാന്തിയുടെ ലാഞ്ചന ഞാനറിഞ്ഞു.





ന്നാ എറങ്ങല്ലെ മാഷെ..?-പോറ്റി മാഷ്.





മോളെ.. ഞാനിറങ്ങട്ടെ..അഛന്റെ കണ്ഠമിടറിയിരുന്നു.





ന്താത് മാഷെ..ധൈര്യായിട്ട് പൊക്കോളൂ..ദിന്റെ കുട്ട്വോളെ പോലെ ന്റെ കൂടേണ്ടാകും.





അഛാ.. അമ്മയ്ക്ക് മരുന്ന് തെറ്റാതെ...





പറഞ്ഞു തീര്‍ക്കാന്‍ കഴിഞ്ഞില്ല..മിഴിനീര്‍ ധാര-ധാരയായൊഴുകി.


അഛന്‍ കണ്ണ് തുടയ്ക്കുന്നത് കണ്ടു.





വീട് വിട്ട് ആദ്യായിട്ടായിരുന്നു.അതിന്റെ ആ ആകുലത ഉണ്ടായിരുന്നു മനസ്സില്‍.എങ്കിലും, ഈ മുത്തശ്ശീടെ ആ തലോടലില്‍ ഞാന്‍ സുരക്ഷിതയാണെന്ന് തോന്നി.




ഒട്ടേറെ മുറികളുള്ള ആ തറവാട്ടില്‍ ഈ മുത്തശ്ശീം വാല്യക്കാരി ജാനൂം മാത്രേ ഉള്ളൂ..മറ്റാരേം കാണുന്നില്ലല്ലോ...?,


സംശയത്തോടെ പരിസരം വീക്ഷിക്കുകയായിരുന്നു.എന്റെ മനസ്സറിഞ്ഞാവണം, ജാനൂമ്മയുടെ വിളി കേട്ടു.


ഇങ്ങട് വന്നോളൂ കുട്ട്യേ..ഇവട്ത്തെ കുട്ട്യോളൊക്കെ വരാറാവുന്നേള്ളൂ..


നാല്പത്തഞ്ച് വയസ്സുള്ള ഒരു വിധവ ആയിരുന്നു അവര്‍.ഒരിക്കല്‍ മുത്തശ്ശി കാടാമ്പുഴയില്‍ തൊഴാന്‍ പോയപ്പോള്‍ കൂടെ കൂട്ടിയതായിരുന്നൂത്രെ..!. വര്‍ഷങ്ങളായി ഇവിടുത്തെ അടിച്ചുതെളിക്കാരി ഈ പാ‍വം സ്ത്രീയാണ്.കുഞ്ഞുകുട്ടികള്‍ വരെ പേരു ചൊല്ലി ജാനൂന്നാണ് വിളിച്ചിരുന്നതെങ്കിലും എനിയ്ക്കങ്ങനെ വിളിക്കാന്‍ തോന്നിയില്ല.ഞാന്‍ ജാനൂമ്മ എന്ന് വിളിച്ചു.ആയതിനാലാവണം അവര്‍ക്ക് എന്റെ കാര്യത്തില്‍ അല്പം പരിഗണനയും ഉണ്ടായിരുന്നു.


ജാനുവേ..പഴമ്പുരാണം പറയാന്‍ള്ള നേരാത്..?. അടുക്കളേലെ പണിയെല്ലാം കഴിഞ്ഞോ..?.


ആ പരിഷ്കാരി കുട്ട്യോളോട് കലപില കൂട്ടാന്‍ ന്ന്യക്കൊണ്ടാവില്യ.കലികാലം ന്നെല്ലാണ്ട് എന്താ പറയാ..


കുട്ടി പോയി കുളിച്ചു വന്നോളൂ.


ജാനുവേ..കുട്ടിയെ കുളിപ്പുരയിലേയ്ക്ക് കൂട്ടിക്കോളൂ..


ഈറന്‍ മാറി വന്ന നേരം മുത്തിശ്ശി തിരി നനയ്ക്കുകയായിരുന്നു.


മുത്തശ്ശീ,ങ്ങട് തന്നോളൂ ഞാന്‍ ചെയ്തോളാം..?


വേണ്ട കുട്ടീ..ഞാന്‍ തന്ന്യാ ഇതൊക്കെ ചെയ്യാറ്.


ഇവിട്ത്തെ കുട്ട്യോള്‍ക്കൊന്നും ഇതില് താത്പര്യല്യ. വരുണതും പോണതും അറിയില്യ.അന്യ ദേശത്ത് വളര്‍ന്ന കുട്ട്യോളല്ലെ നിയന്ത്രിക്കാനൊന്നും ഈ വയസ്സുകാലത്ത് ഇന്ന്യക്കൊണ്ടാവില്യ.അവറ്റേള്‍ക്കോട്ട് അറിയേല്ല. ന്തെങ്കിലും പറഞ്ഞാതന്നെ കടിച്ച് കീറാന്‍ വരും,ആണായാലും പെണ്ണായാലും. സ്നേഹത്തിന്റെ കണിക ഈ കുട്ട്യോളട്ത്ത് ഞാന്‍ കണ്ടിട്ടില്ല. ന്റെ അപ്പൂന് മാത്രെ ന്റെ കാര്യത്തിലൊരു ശ്രദ്ദീ‍ള്ളൂ.


ആ മനസ്സിലെ ആധി ഒരു വലിയ മഴ പോലെ പെയ്തിറങ്ങാന്‍ തുടങ്ങി.


കേള്‍ക്കാന്‍ താത്പര്യമില്ലെങ്കിലും മുത്തശ്ശിയോടുള്ള ആദരസൂചകമായി ഞാന്‍ നല്ലൊരു കേള്‍വിക്കാരിയായി.ഒരു പക്ഷെ മുത്തശ്ശിക്കതൊരു ആശ്വാസമായെങ്കിലോ.?.


വിളക്ക് വെയ്ക്കാറായീലൊ കുട്ട്യേ..ഇനി മുതല്‍ കുട്ടിക്കാണിതിന്റെ ചുമതല.


ദീപം..ദീപം...ദീപം....






















No comments: