Thursday, May 15, 2008

കം റിജാല്‍

ഫോട്ടൊ..കടപ്പാട് നിതിന്‍ വാവയോട്
പണ്ട്......പതിനാലു വര്‍ഷത്തിനു മുന്‍പാണെന്ന് തോന്നുന്നു,ഒരു ഞായറാഴ്ച വൈകീട്ട് അഞ്ചരമണിക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആണ്, പോയി രക്ഷപ്പെടാമെങ്കില്‍ രക്ഷപ്പെട്ടോന്നും പറഞ്ഞ് എന്നെ റാസല്‍ഖൈമയില്‍ ഉന്തിയുംതള്ളിയുമിട്ടത്.
മഴക്ക് പെയ്യണം എന്ന് തോന്നുമ്പോള്‍ പെയ്യുകയും കതിരോന്റെ ഇഷ്ടത്തിന് പ്രഭ ചൊരിയുകയും ചെയ്യുന്ന പച്ച പട്ടണിഞ്ഞ മലേഷ്യയിലെ ഏഴര കൊല്ലത്തെ പ്രവാസത്തിനു ശേഷമാണ് ഞാനീ ഊഷരഭൂമിയില്‍ കാലുകുത്തിയത്. ചുരുക്കി പറഞ്ഞാല്‍-ഊട്ടിയില്‍ നിന്നും കോയമ്പത്തൂര്‍ക്ക് വന്നതുപോലെ.അന്നത്തെ റാസല്‍ഖൈമക്ക് ഒരു നരച്ച മുഖമായിരുന്നു.
വല്ലപ്പോഴും പെയ്യുന്ന മഴ പോലെ തന്നെയാണ് റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുക.
അതുകൊണ്ടു തന്നെ വരുന്നവരെ സ്വീകരിക്കാനായി ധാരാളം ആളുകളുമുണ്ടാകും.

എനിയ്കുമുണ്ടായി അറിയുന്നവരും അറിയാത്തവരുമായ ഒരു കൂട്ടം.ആ കൂട്ടത്തില്‍ എന്റെ ഭാര്യയുടെ ഉപ്പയും ഉണ്ടായിരുന്നു.ആദ്യമായിട്ടാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്...!!?
ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം........
“അതെന്താ...ഹെ..അങ്ങനെ...?” എന്ന്.
അതൊരു കഥയാണ്.അതെഴുതാന്‍ നിന്നാല്‍ നമ്മുടെ വിഷയത്തില്‍ നിന്നും വഴുതിപ്പോകും.
അങ്ങിനെ തൊഴുതും കൈകൊടുത്തും കെട്ടിപ്പിടിച്ചും ഒരു മാതിരി കോലത്തില്‍ റൂമിലെത്തി.

ധര്‍മ്മാശുപ്പത്രീല് കട്ടിലിട്ടതുപോലായിരുന്നു അവിടം.എന്നാലും,ബോംബെയിലെ മണ്ണിര ജീവിതം പോലെ അല്ലല്ലോ എന്ന് സമാധാനിച്ചു.ഉലകം ഇത്തിരി ചുറ്റിയത് കൊണ്ട് താരതമ്യപ്പെടുത്താനൊന്നും ഞാന്‍ മിനക്കെട്ടില്ല.”വീണേടം വിഷ്ണുലോകം”

പിറ്റേ ദിവസം മുതല്‍ ശമ്പളം ചാലു ആയി. ‘മേരീസ്” എന്ന പ്രവിശ്യയിലെ പാക്കിസ്ഥാന്‍ ബസാറില്‍ ഒരു റെഡിമെയ്ഡു കട, അതായിരുന്നു എന്റെ മേച്ചില്‍ പുറം.
പേരു പാകിസ്ഥാന്‍ ബസാറാണെങ്കിലും, പാക്കിസ്ഥാനികളെ പോലെ തന്നെ ഇന്ത്യക്കാരും(മല്ലൂസ്) നിറഞ്ഞ പ്രദേശമായിരുന്നു അത്.സീസണ്‍ കച്ചവടം കഴിഞ്ഞാല്‍ പിന്നെ, എല്ലാവരും കുത്തിയിരുന്ന് ചന്തി കഴയ്ക്കും.പിന്നെ എല്ലാവരുടേയും കണ്ണുകള്‍ സ്വര്‍ണ്ണക്കടകളില്‍ വരുന്ന ഇരകളിലേക്കാണ്.
വല്ലപ്പോഴെങ്കിലും ഒരിര വീണാല്‍ അത് കിട്ടിയവന്റെ ഭാഗ്യം.എന്റെ മുതലാളിക്ക് നാലഞ്ചു കടകള്‍ ഉണ്ടായിരുന്നത് കൊണ്ട് ശമ്പളക്കാശ് കൃത്യമായി കിട്ടിപ്പോന്നു.
ബാക്കിയുള്ള സമയങ്ങളിലെല്ലാം ആരുടെയെങ്കിലും ഇറച്ചി തിന്നുകയോ പാരവയ്പോ പുതുതായി വന്നവരെ കുരങ്ങു കളിപ്പിക്കുകയോ ആകും മെയിന്‍ തൊഴില്‍.

ഒരു ദിവസം അടുത്ത കടയില്‍ ചെറിയൊരു കളവു നടന്നു.അതിനു തൊട്ടപ്പുറത്തെ കടയില്‍ ആയിരുന്നു, എന്നെ പോലെ തന്നെ പുതുതായി എത്തിയ റഷീദും ജോലി ചെയ്തിരുന്നത്.
ചുമ്മാതിരിക്കുന്ന മല്ലൂസെല്ലാം പതുക്കെ ചെക്കനെയൊന്നു സുയിപ്പാക്കം എന്ന് പദ്ധതിയിട്ടു.

“അല്ല റെസിദെ ഇജ്യന്തിനാ ആ കായി എടുത്തത്” തിരുര്‍ കാരന്‍ യാഹുക്ക ചോദിച്ചു.

“ഇങ്ങള് മുണ്ടാണ്ട് പൊയ്കോളിട്ടാ പിത്തനണ്ടാക്കാണ്ട്” റഷീദ് തിരിച്ചും,

“ഇല്ലെങ്ങായെ..ഞ്ഞിപ്പൊ പോലീസും പട്ടാളോം വന്നാ...സുയ്പാ..അതോണ്ട് പറഞ്ഞതാ..”

“ഹാ..ഒട്ടക സീഐഡി വന്നാ..റെഡ്യാ.. എന്തായാലും കുടുങ്ങും,പിടിച്ചാപിന്നെ കയ്യിആ‍ണ്ട് വെട്ടും”

റഷീദിന്റെ മട്ടും ഭാവവും കണ്ടപ്പോള്‍ യാഹുക്കാക്ക് ഹരം കൂടി,

“ഒട്ടക സീഐഡീന്ന് പറഞ്ഞാല്‍ ഇനിക്കെന്താന്നറിയോ കോയാ...”കോഴിക്കോടന്‍ കുഞ്ഞാലൂന്റെ വക,

“ആ ഒട്ടകം വന്ന് കള്ളമ്മാരെ മണം പിടിച്ചാ കണ്ടു പിടിക്കുക.എന്നിട്ട് കടയിലേക്ക് തലയിട്ടൊന്ന് നോക്കും,

അതോടെ തീര്‍ന്നു സംഗതി; എന്ന് പറഞ്ഞ് മല്ലൂസ് ടീം അവിടുന്ന് സ്ഥലം വിട്ടു.

ഉച്ചയ്ക്കുള്ള ബ്രെയ്ക്ക് വൈകിട്ട് നാലു വരെയാണ് റാസല്‍ഖൈമയില്‍.കാരണം,സൌദി നിയമമാണ് അവിടെ പാലിച്ചു പോരുന്നത്. എല്ലാ പ്രാര്‍ത്ഥനാസമയത്തും കൃത്യമായി കടകള്‍ അടച്ചിരിക്കണം.ഇത്തരം സമയങ്ങളിലാണ് ഒട്ടകങ്ങള്‍ സാധാരണ മേയാന്‍ വരിക.
അങ്ങിനെ ഉച്ചയുറക്കവും കഴിഞ്ഞ് അസര്‍ നിസ്കരിച്ച് ഒരു സുലൈമാനിയും കുടിച്ച് റഷീദ് കടയിലേക്കു പോയി.ഞങ്ങളോരോരുത്തര്‍ അവരവരുടെ കടകളിലേക്കും.

യാഹുക്കയുടെ ചിരികേട്ടാണ് കടയുടെ പുറത്തേക്ക് നോക്കിയത്.......??

റഷീദ് പാന്‍‌റ്റും കൂട്ടിപ്പിടിച്ച് തിരിപ്പിടിച്ച് ഓടുന്നതാണ് കണ്ടത്.മൂട് നനഞ്ഞ് ഓടുന്ന പുള്ളി വഴിയില്‍ ട്രാക്കും ഇട്ടിരുന്നു.പാവം റഷീദ്,ഒട്ടകം തലയിട്ട മാത്രയില്‍ പേടിച്ചിട്ട് ഒന്നും രണ്ടും ഒരുമിച്ചു പോയീത്രെ.
ഒരൊട്ടകം ആ പാവത്തിന്‍‌റ്റെ കടയില്‍ തലയിട്ടു നോക്കീത്രെ..!!?.
ചാത്തപ്പനെന്ത് “മ‌അഷറ“ എന്ന് പറഞ്ഞതു പോലെ..അലഞ്ഞ് നടക്കുന്ന ഒട്ടകത്തിനെന്തു കട...അല്ലെങ്കില്‍....,
ബസാറില്‍ അത് കൂട്ടച്ചിരിക്ക് വകയായി.

ദിവസങ്ങള്‍ ആഴ്ചകളായി.ആഴ്ചകള്‍ മാസങ്ങളായി ഞങ്ങളൊക്കെ മുറിയന്‍ അറബി സംസരിക്കാന്‍ തുടങ്ങി. കൂടുതല്‍ ഭംഗിയായി സംസാരിക്കാന്‍ പഠിക്കണം എന്നൊരാഗ്രഹം എന്‍‌റ്റെ മനസ്സില്‍ ഉള്ളതു കൊണ്ടാകണം ലോക്കത്സുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു.

അങ്ങിനെ ഒരു ദിവസം,ഒരു പ്രായമുള്ളൊരു “ബദൂവിയന്‍“ സ്ത്രീ കടയില്‍ സാധനം വാങ്ങാനായി വന്നു.
എന്‍‌റ്റെ മനസ്സില്‍ ഭാഷ പഠിക്കാനുള്ള ആ ആഗ്രഹം പൊടുന്നനെ പൊട്ടിമുളച്ചു,അങ്ങിനെ ഞാന്‍ അറിയാവുന്ന വിധത്തില്‍ സുഖ വിവരങ്ങള്‍ അന്വേഷിച്ചു.തൃപ്തികരമാം വിധം മറുപടി പറഞ്ഞു.എന്‍‌റ്റെ ഉള്ളില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉരുത്തിരിഞ്ഞു.

“കം ബച്ച ഫീ ഇന്തക്ക്(എത്ര കുട്ടികളുണ്ട് നിനക്ക്)..?” ഞാന്‍ ചോദിച്ചു,

“ഇത്നാശര്‍(12)“

“ഇത്നാശറ,,,,!?;

“ഹെയ്....ലേശ്..?”(ഹും...എന്തേ)

“കം ബനാത്ത്..?”(എത്ര പെണ്‍കുട്ടികള്‍) ഞാന്‍ വിടാനുള്ള ഭാവമില്ല;

“സിത്ത”(6)

“കം റിജാല്‍...?”

ഠേ.........#8*8*്*#<`.......??????????.

ആ കിട്ടി ചണ്ണമ്മൂളി ഒന്ന്.എന്‍‌റ്റെ കണ്ണില്‍ പൊന്നീച്ച പാറി.
അമ്മച്ചി ഒന്ന് പെടച്ചതാ.....കാരണമെന്താന്നല്ലെ..?.

ഞാന്‍ ചോദിച്ചത് എത്ര ആണ്‍കുട്ടികള്‍ എന്നായിരുന്നു.പക്ഷെ പറഞ്ഞു പോയത് എത്ര പുരുഷന്മാര്‍ എന്നും...!!.എന്നു വച്ചാല്‍,ഞാന്‍ ചോദിച്ചതില്‍ അവര്‍ അര്‍ത്ഥമാക്കിയത്...എത്ര ഭര്‍ത്താക്കന്മാരുണ്ട് എന്നാണ്!!!!;

ഞാന്‍ ചോദിക്കേണ്ടിയിരുന്നത്, “കം ഔലാദ് “എന്നായിരുന്നു.ഔലാദ് ന്ന് ച്ചാല്‍ പുത്രന്മാര്‍.അതോടു കൂടി എന്‍‌റ്റെ ഭാഷാ മോഹത്തിന്‍‌റ്റെ ആ മുള ആ അമ്മച്ചി തന്നെ നുള്ളിക്കളഞ്ഞു.
പിന്നീട് ആ അമ്മച്ചി കടയില്‍ വരികയും പോവുകയും ചെയ്തിരുന്നൂ എങ്കിലും ഞാന്‍ നേരിടാറില്ലായിരുന്നു.കാരണം ആ അടിയുടെ ചൂടു കൊണ്ടും നാണക്കേടു കൊണ്ടും അതിനേക്കാളുപരി നാട്ടിലേക്ക് വണ്ടി കേറേണ്ടി വരുമോ എന്ന ഭീതിയിലും.
സ്ത്രീകളുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കുന്ന രാജ്യമായതു കൊണ്ട്-
“തിരുവയ്ക്ക് എതിര്‍വായില്ല”.
കാലങ്ങള്‍ക്ക് ശേഷം ആ അമ്മച്ചി എനിക്കൊരു നൂറു ദിര്‍ഹം നീട്ടി.ഞാന്‍ സ്തബ്ധനായി നിന്നു.

“വാങ്ങിക്കോടാ സംഭവം തള്ളയോട് ഞാന്‍ പറഞ്ഞു” കുഞ്ഞാലിക്കായുടെ ശബ്ദം;

ഞാന്‍ കാശുവാങ്ങി, അമ്മച്ചി ചിരിച്ചു.
....മ‌അസ്സലാമ.......


Saturday, May 3, 2008

“ആശകള്‍ മരിക്കുന്നില്ല“


അവര്‍ രണ്‍‌ടുപേര്‍‌‌-അമ്മ ഡോക്ടര്‍, അച്ഛന്‍ എന്‍‌ജിനീയര്‍.

അവര്‍ക്ക് രണ്‍‌ടുപേര്‍-ഒരു പെണ്ണും ഒരാണും, അവര്‍ ഇരട്ടകള്‍.

അച്ഛനും അമ്മയ്ക്കും രണ്‍‌ടു ചിന്ത.

അച്ഛന്‍ പറഞ്ഞു- മക്കള്‍ രണ്‍‌ടു പേരേയും എന്‍‌ജിനീയര്‍മാരാക്കാം,
അമ്മ പറഞ്ഞു- പറ്റില്ല, ഡോക്ടര്‍മാരാക്കണം,

വീട്ടില്‍-അമ്മയും അച്ഛനും കശപിശ, മക്കള്‍ ശോകമൂകര്‍.


കാലം മാറി, ഗതി മാറി-


മക്കള്‍ രണ്‍‌ടു പേരും എന്‍‌ട്രന്‍‌സുകള്‍ രണ്‍‌ടും മാറി മാറി എഴുതി,

മക്കള്‍ രണ്‍‌ടു പേരും എന്‍‌ട്രന്‍‌സില്‍ വിജയം വരിച്ചു.

റാങ്കിന്‍‌റ്റെ തിളക്കം-പക്ഷെ, വീട്ടില്‍ നിരാശയുടെ മെഴുകുതിരി വെട്ടം.

മകള്‍ക്ക് മെഡിസിന് വിജയം, മകന് എന്‍‌ജിനീയറിങ്ങ് വിജയം.

അച്ഛനു തോന്നി- ഒരാള്‍ക്കെങ്കിലും കിട്ടിയല്ലോ...!!..ആശ്വാസം.

അമ്മയ്ക്കു തൊന്നി-രണ്‍‌ടു പേര്‍ക്കും കിട്ടിയില്ലല്ലോ..?...നിരാശ.

മക്കള്‍ രണ്‍‌ടു പേര്‍ക്കും അസ്വസ്ഥതയുടെ തിരയിളക്കം...


കാലം മാറി, കഥ മാറി-അമ്മ മാറിയില്ല.


അമ്മയെഴുതി മകന്-


മകനേ..,

നിനക്ക് അമ്മയുടെ ആശ നിറവേറ്റാന്‍ ആയില്ലല്ലോ...?.അച്ഛനു മുന്നില്‍ ഞാന്‍ തോറ്റു.

മകനെഴുതി അമ്മയ്ക്ക്-


പ്രിയപ്പെട്ട അമ്മേ..,


ഇവിടെ അച്ഛനും അമ്മയും തോല്‍ക്കുന്നില്ല. തോല്‍ക്കുന്നത് ഞാന്‍ മാത്രമാണ്.

ഒരു പക്ഷെ, അച്ഛനതൊരു തോല്‍‌വി ആയേക്കാം. ചിലപ്പോള്‍ അദ്ദേഹത്തിനതു താങ്ങാനുമായേക്കാം.

എനിക്കു മടുത്തു. ഞാന്‍ പോകുന്നു. വിളിച്ചാല്‍ വിളി കേള്‍ക്കാത്ത ഒരിടത്തേക്ക്.

ക്ഷമിക്കുക..മാപ്പ്...മാപ്പ്..

സ്വന്തം മകന്‍.


(ചിത്രം-കടപ്പാട്,ഗൂഗുളിനോട്)