Wednesday, July 30, 2008

കഥകളുറങ്ങുന്ന കരിച്ചാൽ കടവ് - മൂന്ന്

കഥകളുറങ്ങുന്ന കരിച്ചാല്‍ കടവ്-ഭാഗം മൂന്ന്



വിണ്ണില്‍ വെടിക്കെട്ടുതിര്‍ത്തു ഇടിയും മിന്നലും, മണ്ണില്‍ പഞ്ചാരി മേളം തീര്‍ത്തു പേമാരിയും. മഴയുത്സവത്തിന്റെ കൊടിയിറങ്ങി. മാനം വെളുത്തു. ഓര്‍മ്മകള്‍ വീണ്ടും കൊടി കയറി.

ഉപ്പ പ്രവാസം ഒഴിവാക്കി നാട്ടില്‍ ചേക്കേറിയ കാലം. ഞാനന്ന് ഒന്‍പതാം ക്ലാസ്സിലാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ഹിഡ്ഡന്‍ അജണ്ടകള്‍ക്ക് മുന്നില്‍ വിഷണ്ണനായി ഇരിക്കുന്ന സമയം. അദ്ദേഹത്തിനൊരു പൂതി..!!?. ‘ഒരു പശൂനെ മേടിക്കണം......‘, പിന്നെ അതിന്റെ മുന്നൊരുക്കങ്ങളായി . തൊഴുത്തുയര്‍ന്നു, പശു വന്നു...പുല്ലെവിടെ വയ്ക്കോലെവിടെ...?. അവിടെയായിരുന്നു പ്രശ്നം മുഴുവന്‍.!!. അങ്ങിനെയിരിക്കുമ്പോഴാണ് സമാന ചിന്താഗതിയുമായി ഉപ്പയുടെ മച്ചുനന്‍ മുഹമ്മദ് കുട്ടിക്ക ഒരു ഉപായം വെച്ചത്..?.
“മുത്ത്വ...നമുക്കിച്ചിരി പുഞ്ചനിലം വാങ്ങ്യാലൊ.?”
ഉപ്പയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.