Friday, October 9, 2009

ക്രൈസിസ്

ഞാനൊരു കാറ് മേടിച്ചു. ഹോണ്ട സിവിക്. ചേറിയ കാറിനോടായിരുന്നു എന്‍റെ താത്പര്യം. എന്‍റെ കസിന്‍ അസ്ലമിന് ഒരേ നിര്‍ബന്ധം ഹോണ്ട മതി എന്ന്. ശെരി ഞാന്‍ സമ്മതിച്ചു. കാരണം അവന് ചെറുപ്പം തൊട്ടേ കാറിന്‍റെ കാര്യത്തില്‍ വളരെ ജ്ഞാനം ഉണ്ട്. എല്ലാ പാര്‍ട്ട്സിന്‍റെ പേരും അവന് ഹൃദ്യം. പണ്ടൊരിക്കല്‍ കൊച്ചനൂരിലെ ഡ്രൈവര്‍മാര്‍ കാര്‍ബേറ്റര്‍ എന്ന് പറഞ്ഞപ്പോള്‍ കാര്‍ബുറേറ്റര്‍ എന്ന് തിരുത്തി ചരിത്രം സൃഷ്ടിച്ചതൊക്കെ എന്‍റെ ഓര്‍മ്മയില്‍ ഉണ്ട്. അത് കൊണ്ടാണ് ഞാന്‍ സമ്മതം മൂളിയത്.

പിന്നെ, എന്‍റെ അങ്കിള്‍ ഒരു ഉപദേശം തന്നത് ഓര്‍മ്മയുണ്ട്.

‘ എന്ത് സാധനം വാങ്ങുകയാണെങ്കിലും നല്ലത് വാങ്ങണം. ഇത്തിരി പൈസ കൂടിയാലും തരക്കേടില്ല. അത് ഗുണമേ ചെയ്യുകയുള്ളു’.

എനിയ്ക്കാണെങ്കില്‍ കാറിന്‍റെ ലൈസന്‍സ് ഉണ്ടെങ്കിലും പ്രാക്റ്റീസ് പോര. അങ്ങിനെ അസ്ലമിന്‍റെ കാര്‍മ്മികത്വത്തില്‍ ചക്കിത്തറ വഴി ഓടിച്ച് വരുമ്പോള്‍ രണ്ട് തവണ ഗിയര്‍ ഇടാന്‍ മറന്നു. അതിവിടെ ഈ ഓട്ടോമാറ്റിക്ക് കാറൊക്കെ ഓടിച്ച് നാട്ടില്‍ വന്ന് മാന്വല്‍ കാര്‍ ഓടിക്കാന്‍ എന്നെക്കൊണ്ട് കഴിയൊ?. അങ്ങിനെ കാറിന്‍റെ പരിപ്പ് എടുത്തില്ലാന്നേള്ളു. കൊച്ചനൂരില്‍ തട്ടിമുട്ടി എത്തി. കൊച്ചനൂര്‍ സെന്‍ററില്‍ കാര്‍ സൈഡാക്കി ഞാന്‍ ഇറങ്ങി. അസ്ലം ഇറങ്ങിയില്ല.( അവന് കൊച്ചനൂര്‍ സെന്‍റര്‍ ചതുര്‍ത്തിയാണ്. കാരണം അവന്‍റെ ജ്ഞാനം വിളമ്പുക മാത്രമല്ല അവന്‍ തര്‍ക്കിക്കുകയും ചെയ്യാറുണ്ട്. അതിനാല്‍ അവനെ ആര്‍ക്കും അത്ര ഇഷ്ടം പോര.) അവന്‍ കാറെടുത്ത് പോയി.

കാറ് വാങ്ങിയ വിവരം ആരോടും പറയാന്‍ കഴിഞ്ഞില്ല. കാരണം വെള്ളിയാഴ്ച ആയതു കൊണ്ട് എല്ലാവരും ഉറക്കത്തിലാകുമല്ലൊ രാവിലെകളില്‍. അങ്ങനെ വൈകുന്നേരം നമ്മുടെ ഇത്തിരിവെട്ടത്തെ വിളിച്ചു വിവരം അറിയിച്ചു.
“റഷീദ്..എവിടെയാ..?"
“പുറത്താ.. ഇവിടെ അട്‌ത്ത്ണ്ടോ..?”
“ ഇല്ല, ഞാന്‍ നാളെ വരാം”
“എന്തെ വിളിച്ചത്?”
“ഒന്നൂല്ല ഞാന്‍, ഒരു കാര്‍ വാങ്ങി”
“അതേയൊ.., അതിന് നിങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടോ?”
“ ഇല്ല”
“പിന്നെങ്ങനെ ?”
“അല്ലെടോ ഞാന്‍ ഒരു സ്വപ്നം കണ്ടതാ.....” ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഈ വൈന്നേരത്ത് ആളെ മക്കാറാക്കാണല്ലേ”
പിന്നെ നിറുത്തി പറഞ്ഞു. “ഇങ്ങക്ക് കാറല്ല വിമാനം വരെ വാങ്ങാം, വേറെ
പണിയൊന്നുമില്ലല്ലൊ റൂമിക്കെടന്നൊറങ്ങല്ലെ,പിന്നേയ് ആ ശൈഖ് മുഹമ്മദ് ബര്‍ജല്‍ അറബ് വില്‍ക്കാന്ന് കേട്ടു. അത് വാങ്ങായിരുന്നില്ലേ?.”

ഇത്തിരി എനിയ്ക്കിട്ടൊന്ന് തട്ടി.

സ്വപ്നങ്ങളൊന്നും നെയ്തില്ലെങ്കിലും ധാരാളം സ്വപ്നങ്ങള്‍ കണ്ട് കൂട്ടാറുണ്ട്.അതിന് കാശൊന്നും കൊടുക്കേണ്ടല്ലോ..?.അങ്ങിനെ ഞാന്‍ ധാരാളം യാത്രയും ചെയ്യാറുണ്ട്.അതില്‍ പലപ്പോഴും പോകാറുള്ളത് ജപ്പാനിലേക്കാണ്.വായനയില്‍ മനസ്സില്‍ പതിഞ്ഞ സ്ഥലങ്ങളിലേക്കും യാത്രകള്‍ ആകാറുണ്ട്.

അല്ലെങ്കിലും പ്രവാസിക്ക് സ്വപ്നങ്ങളെ മിച്ചം വരാറുള്ളൂ. യാഥാര്‍ഥ്യങ്ങള്‍ വിരളം. പ്രവാസജീവിതത്തില്‍ നേട്ടങ്ങളുടെ പട്ടികയില്‍ മിച്ചം വന്നത് സൌഹൃദം മാത്രം.
അത് പഞ്ഞമില്ലാതെ കൊടുക്കുവാനും വാങ്ങുവാനും കഴിഞ്ഞിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം.

ചിലപ്പോള്‍ തോന്നിയേക്കാം, എന്തെ ഇങ്ങനെ എഴുതാന്‍..?.
ഓരൊരുത്തര്‍ നമ്മെ വിട്ട് പോകുന്നു. ഇതാ അവസാനമായി ‘ജ്യോനവന്‍’.
പത്ത് പന്ത്രണ്ട് കൊല്ലം ഇവിടെ നിന്നിട്ട് എന്ത് നേടി?. വട്ടപൂജ്യം.
കാറ് വാങ്ങണംന്ന് ഒരിയ്ക്കലും ആഗ്രഹിച്ചിട്ടില്ല.എന്തോ സ്വപ്നത്തില്‍ അങ്ങനെ ഒന്ന് കണ്ടു.
ഇനി എനിയ്ക്ക് u a e യില്‍ ഇനി ഇരുപത് നാള്‍ ബാക്കി. മറ്റ് ജോലിയ്ക്ക് ശ്രമിക്കുന്നുണ്ട് എല്ലാവരുടേയും പ്രാര്‍ത്ഥനയുണ്ടാകണം.