Wednesday, December 31, 2008

Monday, December 29, 2008

വര്‍ഷങ്ങള്‍ പോകുവതറിയാതെ...


മാവ് പൂക്കുന്ന കാലം; ഇളം വെയില്‍, ഇളം തെന്നല്‍, മാമ്പൂവില്‍ നിന്നിറ്റി വീഴുന്ന മധു നക്കി നുകരുമ്പോള്‍ അനുഭവിക്കുന്ന ആ ആനന്ദം!!!. പിന്നീട് അത് കണ്ണിമാങ്ങയിലേക്ക്, ഉപ്പും മുളക് പൊടിയും നല്ല നറുമണമുള്ള വെളിച്ചെണ്ണയും ചേർത്ത് കൊത്തിയരിഞ്ഞ കണ്ണിമാങ്ങ. ഒരു പക്ഷെ അതായിരിക്കണം ആദ്യത്തെ സലാഡ്. ഓലത്തണ്ടു കൊണ്ട് ഉണ്ണിപ്പുര തീര്‍ത്ത്, കുഞ്ഞടുപ്പ് തീർത്ത്, അഛനും അമ്മയും കളിച്ച്, കള്ളനും പോലീസും കളിച്ച്, ഓലപ്പന്തും കുഴിപ്പന്തും കളിച്ചു വളര്‍ന്നൊരു കാലം. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആ ഓര്‍മ്മയില്‍ നിന്നും ഒരേടാണ് ഇത്തവണ ബൂലോഗ വായനക്കാർക്ക് എന്റെ പുതുവത്സര സമ്മാനം.

കൊച്ചനൂരിനും ചമ്മനൂരിനും അതിര്‍ത്തിയിലാണ് വിരിച്ചാലിപ്പറമ്പ്. അതാണ് ഞങ്ങളുടെ കളിസ്ഥലം. പടിഞ്ഞാറേ കുട്ടാടന്‍ പാടത്തിന്റെ കരയാണിത്. അവിടെ നിന്ന് നോക്കിയാല്‍ പ്രശസ്തമായ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം കാണാം. ഭരണിയ്ക്ക് കാഴ്ച കാണാന്‍ കളറ്‌ വസ്ത്രങ്ങളണിഞ്ഞ ഉമ്മമാര്‍ വന്നു നില്‍ക്കാറുള്ള ഇടം. അവിടെ മരങ്ങളായി, ഭ്രാന്തമായി കായ്ക്കുന്ന മാവും ഒരു പുന്നമരവും പിന്നെ മുരടിച്ച അഞ്ചാറ് തെങ്ങുകളും.

ഈ മാവില്‍ നിന്നാണ് യാങ്കത്തെ അബ്ദു കണ്ണിമാങ്ങ പറിച്ച് സരോജനി ടീച്ചര്‍ക്ക് കാഴ്ച വെക്കാറ്. പഠിക്കാന്‍ ബുദ്ധിമാനായ അബ്ദു രണ്ടു ദിവസം ക്ലാസ്സില്‍ വന്നാല്‍ അടുത്ത പത്തു ദിവസം ക്ലാസ്സില്‍ വരില്ല. അത് അവന്റെയൊരു വീക്നെസ്സാണ്. ഓരോ തവണയും സ്കൂളില്‍ വരും‌പോള്‍ ഇങ്ങനെ എന്തെങ്കിലും ഒക്കെ കുസൃതികള്‍ കാണും അവനില്‍.

പറഞ്ഞുവന്നത്, അങ്ങനെ പടര്‍ന്നു പന്തലിച്ച ആ പുളിമാവില്‍ ഒരു ദിവസം കാലത്ത് തൂങ്ങി നില്‍ക്കുന്ന ശവം കണ്ടു. കായിയുടേതായിരുന്നു അത്. കുറച്ച് കാലത്തിന് ഞങ്ങളാരും ആ പ്രദേശത്തേക്ക് കടക്കാറില്ലായിരുന്നു.
പിന്നെ സജീവമായത് തെക്കന്‍ തിരുത്തുമ്മല്‍ മുഹദുണ്ണിക്ക വീട് വെക്കുമ്പോഴായിരുന്നു. വിരിച്ചാലിപറമ്പിനു സമീപത്തായിരുന്നു അവര്‍ വീട് വച്ചിരുന്നത്.
അങ്ങിനെ ഒരു മാമ്പഴക്കാലം, മാവ് നിറയെ മൂത്ത് പഴുത്ത് നില്‍‌ക്കുന്ന മാങ്ങകള്‍, ഭയം മൂലം ആരും മാവിലേക്ക് അടുക്കാറില്ല. എങ്കിലും അബ്ദു ധൈര്യപൂര്‍വ്വം കയറി പൊട്ടിച്ച് തിന്ന് ഞങ്ങളെ കൊതിപ്പിക്കും.
ആ അബ്ദുവും അബ്ദുവിന്റെ അനുജന്‍ ജബ്ബാറും ചേര്‍ന്ന് ഒപ്പിച്ച തമാശയിലൂടെ ഒരു ഇതിവൃത്തം സഞ്ചരിക്കട്ടെ.

അന്നത്തെ പ്രധാന കളി കുഴിപ്പന്തായിരുന്നു. ആറു ചെറു കുഴികള്‍ കുഴിച്ച് അതില്‍ കല്ലുകൂട്ടി മെടഞ്ഞ ഓലപ്പന്ത് ഉരുട്ടി വീഴ്തിയുള്ള ഒരു രസികന്‍ കളിയായിരുന്നു അത്. അതിന്റെ പ്രത്യെകത എന്താന്ന് വച്ചാല്‍, ആദ്യത്തെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ഏറ് കൊള്ളളല്‍ വളരെ വിരളമാണ്. അത് കൊണ്ടുതന്നെ കുഴിപിടുത്തത്തിന്ന് മത്സരം ഉണ്ടാവുക സ്വാഭാവീകം.കുഴിയില്‍ ചെറുതായി മണ്ണിട്ട് മൂടിയിരിക്കും.
എനിക്കെന്നും ഏറ് കൊള്ളാനെ യോഗമുണ്ടായിരുന്നുള്ളു.

ഐദ്രുക്കാടെ റസ്സാക്ക്, മുഹമ്മദുണ്ണിക്കാടെ മുഹമ്മദലി, കുന്നുകാട്ടിലെ അബ്ദു, വല്യോത്തെ ഖാലിദ്, അബ്ദു,ജബ്ബാര്‍,സുരു പിന്നെ ഈയുള്ളവനും ചേര്‍ന്നാണ് ടീം. ഞാനധികവും സ്റ്റാന്‍ബൈ ആകാറാണ് പതിവ്. കാരണം ഞാനെത്തുമ്പോഴേക്കും ആണ്‍കുട്ട്യോള് കുഴി പിടിച്ചിരിക്കും. എപ്പോഴും ആദ്യം എത്തി കുഴി പിടിക്കുക ഖാലിദ് ആണ്. അവനാണെങ്കിലൊ കൈക്ക് നല്ല നീളം ആണ്. അത് കൊണ്ട് തന്നെ ഇഷ്ടമുള്ള കുഴിയില്‍ അനായാസം അവനിടാന്‍ കഴിയും. ആരുടെ കുഴിയിലാണൊ വീഴുന്നത് അവന് ഏറുറപ്പ്. ഇതിവനെന്നും പതിവാക്കിയപ്പോള്‍ എല്ലാവര്‍ക്കും മനസ്സില്‍ ഒരു പക കുടിയിരുന്നു. എല്ലാറ്റിലും മുന്‍പനായിരുന്ന യാങ്കത്തെ അബ്ദുവിന് ഇതൊട്ടും പറ്റിയില്ല. അവന്റെ ബുദ്ധി പകപോക്കലിനായി പരതി.

ഒരു ദിവസം അബ്ദു എന്നോട് പറഞ്ഞു
“ടാ.. നാളെ നേരത്തെ കളി തുടങ്ങും, അതോണ്ട് മൂന്ന് മണിക്ക് വരണം, മെയിന്‍ റോട്ടിലൂടെ വന്നാമതി കാലിദ് അറിയണ്ട.”

“ഓ..ശെരി.”

ഞാൻ സന്തോഷിച്ചു... ഇന്നെങ്കിലും ഏറു കൊള്ളാതെ കഴിയാലൊ. പറഞ്ഞ പ്രകാരം തന്നെ പുറപ്പെട്ടു, അര ഫര്‍ലോങ്ങെങ്കിലും നടക്കണം എന്റെ വീട്ടില്‍‌ നിന്ന്. കളിക്കളത്തിനേകദേശം അടുത്താണ് ഖാലിദിന്റെ വീടും. മെയിന്‍ റോട്ടിലാണെന്ന് മാത്രം. പ്രതീക്ഷിക്കാതെ എന്നെ കണ്ടതും ഖാലിദ് ഒരോട്ടം വെച്ചു കൊടുത്തു കളിക്കളത്തിലേക്ക്. ഞാനും പിന്നാലെ വച്ചുപിടിച്ചു. ഒട്ടകപ്പക്ഷിയെ പോലുള്ള അവനെയുണ്ടോ എനിക്കെത്തിപിടിക്കാന്‍ കഴിയുക!?. അവനെത്തിയതും കുഴി വാരിയതും അബ്ദുവിന്റെ കൂ‍ക്കിവിളിയും ഒന്നിച്ചായിരുന്നു. പോയത്തം മണത്ത ഞങ്ങള്‍ കൂട്ടുകാര്‍ ഒന്നറച്ചു നിന്നു. നോക്കുമ്പോഴുണ്ട് മലവും മണ്ണും പറ്റിപ്പിടിച്ച കൈവിരലുകള്‍ വിടര്‍ത്തി മൂക്കും പൊത്തിപ്പിടിച്ച് വളിഞ്ഞ മുഖവുമായി ഖാലിദ്. അന്നുമുതല്‍ കുഴിപിടിക്കാനുള്ള ആക്രാന്തം അവന്‍ നിറുത്തി. രാവിലെ അബ്ദുവും ജബ്ബാറും ചേര്‍ന്ന് നടത്തിയ 'മൂലധന' നിക്ഷേപമായിരുന്നു ഖാലിദിന്റെ കൈകളില്‍.
വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പഴയ നല്ല ഓര്‍മ്മകളാണ് നമ്മെ ജീവിക്കാന്‍ പ്രെരിപ്പിക്കുന്നത്. പഴയ കൂട്ടുകാരില്‍ ചിലര്‍ അകാലത്തില്‍ മണ്മറഞ്ഞു. ബാക്കിയുള്ളവരെല്ലാം ‘വര്‍ഷങ്ങള്‍ പോകുവതറിയാതെ’ അന്നം തേടി ഓരൊ തുരുത്തുകളില്‍ അകപ്പെട്ടു. വല്ലപ്പോഴും കണ്ടുമുട്ടുമ്പോഴുള്ള കുശലങ്ങളീലും പുഞ്ചിരിയിലും ഒതുങ്ങിക്കൂടി സൌഹൃദം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ജനങ്ങളും ചലിക്കാന്‍ തുടങ്ങി. ഇന്ന് പരസ്പര ബഹുമാനമില്ല, സാഹോദര്യ ബന്ധമില്ല. എല്ലാവരിലും കപടമുഖം മാത്രം. എന്തിനേറെ പലരുടേയും കുടുംബാംഗങ്ങള്‍ക്ക് പോലുമില്ല ഇതൊന്നും. പ്രത്യേകിച്ചും ഗള്‍ഫുകാരന്റെ.

സത്യത്തില്‍ നമ്മള്‍ ബൂലോഗര്‍ തമ്മില്‍ നടത്തുന്ന വികാര,വിചാര,സങ്കട,സന്തോഷങ്ങളൊക്കെ ഒരളവില്‍ നമുക്ക് പുതുജീവന്‍ പകരുന്നില്ലേ..?,ആധിപിടിച്ച ഈ ലോകത്ത് സമാധാനത്തിന്റെ വെള്ളപ്പറവകളെ പറത്താന്‍ നമുക്കാകില്ലേ..?, നമ്മുടെ ഓരോ ശ്രമങ്ങളും അതിനായിരിക്കട്ടെ; എല്ലാ ബൂലോഗ വായനക്കാര്‍ക്കും ആയുരാരോഗ്യവും സമാധാനവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഈ പുതുവര്‍ഷത്തിന് ആശംസകള്‍ നേരുന്നു.


ഓ..ടൊ...ഈ പുതുവര്‍ഷത്തില്‍ ഞാനൊരു മാറ്റം ആഗ്രഹിക്കുന്നു. അതിന്റെ മുന്നോടിയായി അത്കന്‍ എന്ന തൂലികാനാമം യൂസുഫ്പ യില്‍ ലയിക്കുന്നു.