Wednesday, June 25, 2008

കഥകളുറങ്ങുന്ന കരിച്ചാൽ കടവ് - രണ്ട്

ഒളിമങ്ങാത്ത ഓർമ്മയുടെ ഓളങ്ങൾഅനിൽ-അവൻ എന്റെ സഹപാഠി മാത്രമായിരുന്നില്ല. സഹമുറിയനും കൂടിയായിരുന്നു. സരസമായി സദസ്സിനോട് സല്ലപിക്കാന്‍ ഞങ്ങളുടെ കൂട്ടത്തില്‍ അവനെപ്പോലെ വേറെ ആരും ഇല്ലായിരുന്നു.ഒരിക്കലും മറക്കാത്ത ആ ഓര്‍മ്മയുടെ ഓളങ്ങള്‍ ഒതുക്കുകല്ലിലെന്നപോലെ ഞങ്ങളുടെ ഹൃദയങ്ങളിലും തട്ടി പ്രതിധ്വനിച്ചു.

അതാ ഒരീണം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലേ....? ഒന്നു കാതോര്‍ത്തു നോക്കൂ....എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്. അതെ ഞാനവിടെയാണ്, ആ കഴുങ്ങിന്‍ തോട്ടത്തില്‍, നീര്‍ചാലില്‍ കുഞ്ഞോളങ്ങളില്‍ താളം ചവിട്ടി ആ ഈണത്തിന് കാതോര്‍ത്തു കൊണ്ട്....!!.അവിടെ ‘തേക്കും തിരിയും’ അരങ്ങേറുകയാണ്. മരച്ചക്ക്ര കപ്പിയും കളകളം ഒഴുകുന്ന കുഞ്ഞരുവിയും അബ്ദുട്ടിക്കയുടെ ആ...പോത്ത് ....ഇമ്പ.....ഇമ്പ....പോത്ത് സ്വരജതികളും ബാലേട്ടന്‍റെ കൈക്കോട്ടിന്‍ സ്വരവും ചേര്‍ന്ന് അകമ്പടിയായി സിംഫണിയൊരുക്കുന്നു.
തുമ്പിയും കൊട്ടയും ചേര്‍ന്ന തുമ്പിക്കൊട്ടയില്‍ വെള്ളം കോരിയൊഴിക്കുകയാണ് ‘ചെമ്പനും കാരിയും‘. അവര്‍ അബ്ദുട്ടിക്കായുടെ അരുമ പോത്തുകള്‍.മോന്തക്കൊട്ട കെട്ടി ആ സുന്ദരന്മാര്‍ അവരുടെ ജോലിയില്‍ വ്യാപൃതരാണ്. അനുസരണയോടെ അവര്‍ മുന്നോട്ടും പിന്നോട്ടും അനായാസം നടന്ന് നീങ്ങുന്നത് കാണുമ്പോള്‍ നമുക്ക് കൌതുകം തൊന്നും. മൂന്ന് കമ്പക്കയറാല്‍ നിയന്ത്രിക്കുന്ന ഈ സമ്പ്രദായം നമുക്കിന്നന്യമാണ്. കയറിലിരുന്നു കൊണ്ട് അഭ്യാസിയെ പോലെ അബ്ദുട്ടിക്കയുടെ നിയന്ത്രണം ..........

“ഡാ....കുട്ട്യ....ആ ചാലില്‍ നടന്നിട്ട്, കഴ പൊട്ടിക്കല്ലടപ്പേയ്.........“
അത്- ബാലേട്ടന്‍, കഴുങ്ങിന് തിരിക്കുന്നതില്‍ സൂപ്പര്‍ സ്റ്റാര്‍. മെയ്‌വഴക്കമുള്ള ആ കരിമാടിക്കുട്ടന്‍, ഓരോ പ്രാവശ്യവും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ തോതനുസരിച്ചായിരിക്കും തിരിക്കുന്ന കഴുങ്ങുകളുടെ എണ്ണം. അത് പരമാവധി ഉപയോഗപ്പെടുത്തുന്നതില്‍ ബാലേട്ടന്റെ കഴിവ് പ്രശംസനീയമാണ്.എങ്കിലും വെപ്രാളമാണ് മൂ‍പ്പരുടെ താളം,അതെങ്ങനെയാണ് മറക്കാന്‍ കഴിയുക...!!!?.

വല്ലാത്തൊരു മാസ്മരീക ഗന്ധമാണ് കഴുങ്ങിന്‍ തോട്ടത്തിന്.പാലപ്പൂവും,ഇലഞ്ഞിയും,കുങ്കുമവും കൂടാതെ കഴുങ്ങിന്‍ പൂവും ചേര്‍ന്ന ആ മാസ്മരീകത, ഏതൊരു കലാഹൃദയത്തേയും തൂലിക ചലിപ്പിക്കാന്‍ പ്രാപ്തനാക്കും.

അവധി ദിവസമായാല്‍ എന്തെങ്കിലും തരികിട പറഞ്ഞ് നേരെ വച്ച്‌പിടിക്കും കരിച്ചാലിലുള്ള എന്റെ മൂത്തുമ്മ(അക്കരത്തെ ഉമ്മ എന്നു ഞാന്‍ വിളിക്കും)യുടെ വീട്ടിലേക്ക്. മൂത്തുമ്മയുടെ കുശലാന്വേഷണങ്ങള്‍ക്ക് ചെവികോടുക്കാതെ നേരെ ഓടും തോര്‍ത്തുമെടുത്ത് കടവിലേക്ക്. ശംസു കടവത്ത് നേരത്തെ തന്നെ റെഡിയായി ഇരിക്കുന്നുണ്ടാവും എന്റെ വരവും കാത്ത്.പിന്നെ ഞങ്ങളൊന്നാര്‍മ്മാദിക്കും കുട്ടിക്കരണം മറിഞ്ഞും മുങ്ങാംകുഴിയിട്ടും നീന്തിയും തുടിച്ചും അങ്ങനെ....അങ്ങനെ.....................
ഊളിയിട്ട് വന്ന് തോര്‍ത്ത് മുണ്ട് ഉരിഞ്ഞ് കൊണ്ടു പോകാന്‍ മിടുക്കനാണ് രാജന്‍.ഒരിക്കല്‍ അബദ്ധത്തില്‍ ഉരിഞ്ഞത് സ്വന്തം അഛന്‍ പാച്ചപ്പേട്ടന്റേതു തന്നെ ആയിരുന്നു. അതിന് കണക്കിന് കിട്ടി അവന്. കിട്ടിയ നിലക്ക് ഇനി കുളി തുടരുന്നതില്‍ അര്‍ത്ഥമില്ലല്ലോ..?.അങ്ങിനെ ഞങ്ങളെല്ലാവരും കൂടെ അടുത്ത പദ്ധതി ഉടനെ തന്നെ തയ്യാറാക്കും.

കുളി കഴിഞ്ഞാല്‍ പൊരിഞ്ഞ വിശപ്പായിരിക്കും, നേരെ വീട്ടില്‍ ചെന്ന് കിട്ടുന്ന ഭക്ഷണം വാരിവലിച്ച് കയറ്റുമ്പോള്‍ മൂത്തുമ്മയുടെ വക അത്യാവശ്യം കേള്‍ക്കും ഇതുവരെ ഒപ്പിച്ചതിനും ഇനി ഒപ്പിക്കാന്‍ പോകുന്നതിനും കൂടെ.

പൂ......................................................................................വേയ്,


അതാ............സിഗ്നല്‍ കിട്ടി.അനിലന്‍ ചൂളമടിച്ചതാണ്. രാജന്‍ മറുചൂളമടിച്ചു, ശംസുവും..!, എനിക്ക് ചൂളമടിക്കാനറിയാത്തതു കൊണ്ട് ആദ്യമേ തന്നെ ഞാനോടി പറമ്പിലെ മാവില്‍ കയറി സ്ഥാനം പിടിക്കും. അപ്പോഴേക്കും എല്ലാ കുട്ടിക്കുരങ്ങന്മാരും എത്തിച്ചേരും.

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പറങ്കിമാവും നാവില്‍ കൊതിയൂറും മുട്ടിക്കുടിയന്‍ മാവും കയ്യെത്തും ദൂരെ നിറയെ കായ്ച്ചു നില്‍ക്കുന്ന പേരയും നിറഞ്ഞ ആ വിളയാട്ടുഭൂവില്‍ ചെമ്പോത്തിന്റേയും അടക്കാക്കിളിയുടെയും താളമേളങ്ങളോടെ ഞങ്ങള്‍ കുട്ടിപ്പട ആ വിളയാട്ടു ഭൂവില്‍ ഒന്ന് തിമര്‍ത്ത് വിളയാടും.
പിന്നെയൊറിക്കമാണ് കഴുങ്ങിന്‍ തോട്ടത്തിലേക്ക്, കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങിയതു പോലെ
ശെരിക്കും മതിച്ച് നടക്കും ഞങ്ങള്‍;
ഒത്താല്‍ പാച്ചപ്പേട്ടന്‍റെ വാറ്റുകലങ്ങള്‍ എറിഞ്ഞുടക്കും. കൂടുതല്‍ രാജനാണത് ചെയ്യുക.
“അഛന്‍ തന്നതിന് പകരമായി എന്തെങ്കിലും കൊടുത്തില്ലെങ്കില്‍ മോശല്ലേ യൂസപ്പേ”
ആ തിരു സന്തതിയുടെ മൊഴി.

അവിടെ കുലച്ചു നില്‍ക്കുന്ന വാഴക്കുലയില്‍ ഏതെങ്കിലും ഒന്നില്‍ മിക്കവാറും കാണും, ഒരു പടലയോളം പഴുത്തത്; അണ്ണാറക്കണ്ണനോ കടവാതലോ തിന്നില്ലായെങ്കില്‍ തീര്‍ച്ചയായും അത് ഞങ്ങളുടെ വയറ്റില്‍ സ്ഥാനം പിടിച്ചിരിക്കും.‍

പ്രകൃതിപരമായി ദൈവം തമ്പുരാന്‍ ഒട്ടേറെ ചേലോടെയാണ് കരിച്ചാലിനെ മെനഞ്ഞിരിക്കുന്നത്. ഒരു ഭാഗത്ത് ഇടകലര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന കഴുങ്ങും വാഴയും കൊക്കോയും ജാതിയും വയലേലകളീലേക്ക് ചാഞ്ഞു കിടക്കുന്ന തേങ്ങുകളും............
മറുഭാഗത്ത് പച്ചപ്പട്ടുടുത്ത് പുഞ്ചപ്പാടവും പുല്‍മേടും, മേട്ടില്‍ സ്വഛന്ദം പാറിക്കളിക്കുന്ന കുരുവികളും മേയുന്ന മാടുകളും ആടുകളും കോഴികളും കുളക്കോഴികളും ചിലുചിലം ചൊല്ലി തത്തിക്കളിക്കുന്ന അണ്ണാറക്കണ്ണനും പുന്നമരക്കോമ്പിലിരുന്നു കൂകിവിളിക്കുന്ന കാര്‍കുയിലും..........................................!!;

ഇനിയും വര്‍ണ്ണിച്ചാല്‍ മതിയാകാത്ത ആ ഹരിതഭൂമികക്ക് ആമ്പലാല്‍ മാലചാര്‍ത്തി നീലത്തടാകവും എല്ലാത്തിനും മൂകസാക്ക്ഷിയായി തലയുയര്‍ത്തി തണല്‍ വിരിച്ചു നില്‍ക്കുന്ന ആ പേരാല്‍മരവും....!!
മറക്കാനാകുമോ.......സ്വയം മറന്നു നിന്നിരുന്ന ഈ കൊച്ചുദ്വീപിനെ....?

കാലത്തിന്‍റെ കണക്കുപുസ്തകത്തില്‍ ആ പേരാല്‍ പിന്നീട് ചാഞ്ഞ് വീഴുകയും പിന്നീടെപ്പോഴൊ സ്വാര്‍ത്ഥകരങ്ങള്‍ക്ക് ബലിമരമായി.

“അനിലാ നീ ഓര്‍ക്കുന്നോ നമ്മളന്ന് മീന്‍ വെട്ടിപ്പിടിക്കാന്‍ വന്നിരുന്നത്..?”
“പിന്നല്ലാതെ.....ഞാനും നീയും ബിരിയാണി ഹംസക്കയും, എത്ര മീനാ നമുക്ക് കിട്ടിയിരുന്നത് അല്ലേ..”
“കല്ലുത്തിയും പരലും പൊരിക്കും ബ്രാലും കടുവും മൊയ്യും.......ഒരു വലിയ ബക്കറ്റ് നിറയെ മീന്‍ കിട്ടിയിരുന്നു അല്ലേ...”
രാത്രിയുടെ യാമങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി ചൂട്ടും പിടിച്ച് പാടം നിറയെ ആളുകള്‍ ഉണ്ടാകും ഒറ്റലും കുരുത്തിയുമായി. സാക്സഫോണ്‍ വായിക്കുന്ന തവളക്കൂട്ടവും തമ്പുരുമീട്ടി താളം കൊടുത്ത് ചീവീടുകളും ഉണ്ടാകും സാക്ക്ഷിയായി പുലരുവോളം.

ചാറ്റല്‍മഴയില്‍ വാലിനുകടിച്ചുപിടിച്ചെന്നോണം വരിവരിയായി ഒഴുക്കിനെതിരെ നീങ്ങുന്ന മുഴുത്ത മൊയ് കൂട്ടങ്ങളെ ചണ്ക്കെ......ചണ്ക്കെന്ന്....വെട്ടിയിടുമ്പോള്‍ ഓര്‍ത്ത് പോകാറുണ്ട് ഞാന്‍ അത്ഭുതത്തോടെ....!!:
“ഇന്നലെ പെയ്ത മഴക്ക് ഇത്ര മുഴുത്ത മീനുകള്‍ എങ്ങിനെ വന്നു...!!?”
എല്ലാം ദൈവത്തിന്‍റെ ഓരോ പണികളാണല്ലേ...?
വെട്ടിപ്പിടുത്തത്തിന് മിടുക്കന്‍ ഹംസക്ക തന്നെയാണ്. അനിലന്‍ നീര്‍ക്കോലി വീരനാണ്. ഒരൊറ്റ് നീര്‍ക്കോലിയേയും അവന്‍ വിടില്ല; പിറ്റെ ദിവസം നാറിയിട്ട് നടക്കാന്‍ കഴിയില്ല. അതിന് കരക്കാരുടെ പുളിച്ച തെറിയും കേള്‍ക്കും അവന്‍.
“ഇടക്കാ ‘വളിമന്തു’ നമ്മോട് കൂട്ടുകൂടി എല്ലാം കുളമാക്കി അല്ലേ”
“അല്ലേലും കുരുത്തി അങ്ങേരുടെ ഒരു വീക്നസ്സാ....ആരുടേതെങ്കിലും അടിച്ചുമാറ്റിയില്ലെങ്കില്‍ അങ്ങോര്‍ക്ക് ഉറക്കം വരില്ല. അവസാനം നമുക്ക് ചീത്തപ്പേര് ബാക്കി”
“എന്തു രസമായിരുന്നു അല്ലേടാ അനിലാ ആ കാലം, പിന്നെ നീ ബോംബെക്കും ഞാന്‍ കോയമ്പത്തൂര്‍ക്കും വിട്ടു. ഇനി ആ കാലമൊക്കെ നമുക്ക് തിരിച്ചു കിട്ടുമോ...?”
“എവടെ....!!”
“ഒരു കനത്തമഴ വരാന്‍ സാധ്യതയുണ്ട്, നമുക്കാ ഷെഡ്ഡിലേക്ക് മാറി നില്‍ക്കാം, അവിടെ ‘സുബ്രു‘വിന്‍റെ ചായക്കടയുണ്ട് അവിടെയിരിക്കാം“

സുബ്രു ഞങ്ങളുടെ പ്രായക്കാരനാണെങ്കിലും കൂട്ടുകെട്ടെല്ലാം മുതിര്‍ന്നവരുമായിട്ടായിരുന്നു. അതു കൊണ്ട് അവനൊരു ഹീറൊയുടെ റോളിലായിരുന്നു. ആഴത്തില്‍ ഊളിയിട്ട് കൂന്തക്കട പറിക്കാനും കൊട്ടുക പൊട്ടിക്കാനും അവനോളം ആരും ഉണ്ടായിരുന്നില്ല. എന്തൊരുശിരായിരുന്നു....
ഇന്നവനെ കണ്ടാല്‍ സങ്കടം തോന്നും.
പെങ്ങാമുക്ക് പൂ‍രത്തിന് വടക്ക് മുറിയും പടിഞ്ഞാറ്റുമുറിയും തമ്മിലുണ്ടായ അടിയില്‍ ദണ്ട് കൊണ്ട് കിട്ടിയ അടി അവന്‍റെ ജീവിതമാകെ മാറ്റിമറിച്ചു. ഇന്ന് മൃതപ്രായനായി കഴിയുന്നു. ഇന്ന് അവന്‍റെയും കുടുംബത്തിന്‍റെയും ജീവിതോപാധിയാണ് ഈ ചായക്കട. പിന്നെ ആരെങ്കിലും അറിഞ്ഞുകൊടുക്കുന്ന കൈമടക്കിന്‍റെ കരുത്തിലാണ് അവരുടെ ജീവിതചക്രം തിരിയുന്നത്.

ആര്‍ത്തുപെയ്ത മഴ ഒരു ശോകരാഗം പോലെ പെയ്തുനിന്നു. ആ പടിയിറങ്ങുമ്പോള്‍ ഞങ്ങളും ശോകമൂകരായിരുന്നു.
വികസനത്തിന്റെ ചിന്തകള്‍ കരിച്ചാലിന്റെ മുഖഛായക്ക് മാറ്റം വരുത്തി എങ്കിലും; ഒട്ടും കര്‍മ്മബോധമില്ലാത്ത യുവാക്കളാണ് അന്നും ഇന്നും ഇവിടുത്തെ ശാപം. മദ്യത്തിനും ചൂതാട്ടത്തിനും അടിമപ്പെട്ട ലക്‍ഷ്യബോധമില്ലാത്ത അവരെ, കാലത്തിന്‍റെ നോക്കുകുത്തികളോട് ഉപമിക്കാം.ഫോട്ടൊ-കടപ്പാട് സക്കീർ പറയക്കൽ

Sunday, June 15, 2008

കഥകളുറങ്ങുന്ന കരിച്ചാല്‍ കടവ്


കഥകളുറങ്ങുന്ന കരിച്ചാല്‍ കടവ് (ഭാഗം-1)


തിമിര്‍ത്ത് പെയ്ത മഴ ഒന്നടങ്ങിയേ ഉള്ളൂ. മാനം വെളുത്തു.


ഒതുക്കുകല്ലുകളോട് കിന്നാരം ചൊല്ലി ഓളങ്ങള്‍ താളമിടുന്നതും
ശ്രദ്ധിച്ച് അക്കരേക്ക് കടത്ത് കടക്കാനായി കടവിന്‍റെ അരികു പറ്റി ഞാന്‍ നിന്നു.
നനഞ്ഞ കുളിരുമായി വന്ന് മന്ദമാരുതന്‍ ഇടക്കിടെ അലോരസപ്പെടുത്തുന്നുണ്ട്.
ചൂണ്ടയിട്ടും മുങ്ങാംകുഴിയിട്ടും കടവിനും പരിസരത്തിനും ജീവന്‍ കൊടുക്കാന്‍
ചെറുമക്കള്‍ തയ്യാറായി നില്‍‌പുണ്ട്.
ആ.........................പൂ...വ്വേയ്....

മഴമാറിയിട്ടും കടത്തുകാരിയെ കാണാഞ്ഞിട്ട് വാപ്പുക്കയുടെ ആത്മവിളിയായിരുന്നു അത്.
“നേരം വൈഗ്യാ ന്‍റെ മീനൊക്കെ ചീയും....ഈ പഹച്ചി എവിടേണ് കെടക്ക്‌ണത്”
“ഓള് തൂറാന്‍ പോയിട്ട്‌ണ്ടാവും” പറങ്ങോടന്‍ തന്ത ചായപ്പീടികയില്‍ നിന്നും വിളിച്ചു പറഞ്ഞു.
“വെറുതെല്ല ഈ പറമ്പിനൊക്കെ ച്ചിരി കായബലം*” ചിരിക്ക് വഹ നല്‍കി പൌലോസ് മാപ്പിള
അദ്ദേഹത്തിന്‍റെ അലൂമിനിയപത്രങ്ങളുടെ തലച്ചുമട് ആ മതിലില്‍ ഇറക്കി വെച്ചു.


“അതികം ചിരിക്കണ്ടാ, മന്‍ചി* ഞാന്‍ വെള്ളത്തില് മുക്കും”കടത്തുകാരി അപ്പോഴേക്കും എത്തി.


“ഹല്ലാ അന്‍റെ കെട്ട്യോനെവടെ...രെണ്ടീസായിട്ട് കാണാല്യാലോ”
“ ആ സെഡ്ഡില്ണ്ട്..രണ്ടീസായിട്ട് മൂപ്പര്‍ക്ക് സൊകല്യ”

ഇത് കടത്തുകാരി പുളിഞ്ചിരി. കറുകറുത്ത പുളിഞ്ചിരിയുടെ കെട്ട്യോന്‍ ചാത്തായി.
അവര്‍ക്ക് ആണ്മക്കള്‍ രണ്ട്; അപ്പുണ്ണിയും കുഞ്ഞുണ്ണിയും.ഇവരെല്ലാം ഉഗാണ്ടയില്‍ നിന്ന്
കേരളത്തില്‍ കുടിയേറി പാര്‍ത്തതാണെന്ന് ഒരൂഹണ്ട്.

എണ്ണം പറഞ്ഞ് കടത്തുകൂലി വാങ്ങാന്‍ പുളിഞ്ചിരിക്കേ സാധിക്കൂ.
ഈളക്കടു*പോലിരിക്ക്‌ണ ചാത്തായിക്ക് പനങ്കള്ളടിച്ച് കിറുങ്ങി
ഇരിക്കാനേ നേരള്ളു. എന്നിരുന്നാലും തുഴയെറിയുന്നത് കണ്ടാല്‍ അത്ഭുതം കൂറിപ്പോകും,
ചാത്തായി തന്ന്യാണൊ ഇത്....!!!. മെലിഞ്ഞിട്ടാണെങ്കിലും നല്ല കൈക്കരുത്താണ്.
അയാളുടെ തുഴച്ചിലിന് നാടന്‍ ശീലിന്‍റെ ഈണമുള്ളതായി തോന്നും.

മക്കള്‍ രണ്ടു പേരും കൂലിപ്പണിക്കാരാണ്.അവര്‍ക്ക് പണിയില്ലെങ്കിലേ അഛനേം അമ്മേനേം സഹായിക്കാനായിട്ട് വരാറുള്ളു. കൂട്ടത്തില്‍ കുഞ്ഞുണ്ണിക്കാണ് അഴക് കൂടുതല്‍.
അതോണ്ട് താളരിയാന്‍ വരുന്ന ചെറുമിപ്പെണ്‍കിടാങ്ങള്‍ക്ക് അവനോടൊ‘രിതാ‘ണ്.....

“മാധവേട്ടനെത്തി, ന്നാ പൊറപ്പെട്വല്ലേ...”
മാധവേട്ടന്‍ ആ വിടര്‍ന്ന ചിരിയുമായ് വെറ്റിലകൊട്ട തോണിയില്‍ വെച്ച് കയറിയിരുന്നു.

“മാപ്ലാരെ മഞ്ചി നീങ്ങണില്യ ഒന്ന് എറങ്ങി തള്ളിയെ”എന്ന് പറഞ്ഞ് പുളിഞ്ചിരി തുഴയെറിഞ്ഞു.


“പോകല്ലേ....ഞാ‍നൂണ്ടേ................യ്”


“ഈ വറീതാപ്ല എപ്പളും ഇങ്ങനന്ന്യാ മനുഷ്യനെ മെനക്കെടുത്തും. നിക്ക് ഞാണക്കാട്ട്‌ക്ക് അങ്ങ്‌ട് എത്തണേയ്”. ചക്കര ആണത് പറഞ്ഞത്.
കരിച്ചാലിലെ ചെറുമികളില്‍ ഇച്ചിരി ചൊങ്ക് ചക്കരക്കാണ്.
അതിന്‍റെ ഒരു നെകളിപ്പ് ചക്കരക്ക് ഉണ്ട്.അത് ഭാഷയിലും നടത്തത്തിലും കാണാന്‍ സാധിക്കും.
“ഉമ്മക്കുട്ട്യോളാ അവളെ ഇങ്ങനെ വെടക്കാക്ക്യേത്” എന്ന് ഗദ്ഗദം കൊള്ളും മറ്റു ചെറുമികള്‍.

“ഇതെന്തൂട്ടാ പുളിഞ്ചിര്യെ ഇമ്പളെ ഒന്ന് കാത്തൂട ല്യേ”
“മാപ്ലേയ്..ന്‍റെ തൊള്ള തൊറപ്പിക്കണ്ട ഇങ്ങള്”

“ന്നെന്താ കോള് വറീതേ....”
“അതിത്തിരി കാവത്തും ചേമ്പും, നല്ല മഴയായതോണ്ട് കോള് കുറവാ വാപ്പോപ്ലെ...”
വറീതാപ്ല ചാക്കുംകെട്ട് വെയ്ക്കുന്നതിനിടയില്‍ പറഞ്ഞു.

അങ്ങനെ വറീതാപ്ലയും കയറി, ആ ജീവിതനൌക കൊച്ചനൂരിന്‍റെ കര ലക്‍ഷ്യമാക്കി മന്ദം നീങ്ങി.

“ഹലൊ യൂസഫ് താനെന്നു വന്നു” ഞാനെന്‍റെ പഴയ ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്ന് തിരിഞ്ഞു നോക്കി. അനിലായിരുന്നു അത്. എന്‍റെ സഹപാഠി. ഞങ്ങള്‍ കുശലാന്വേഷണത്തിലേര്‍പ്പെട്ടു.

(തുടരും)മഞ്ചി=തോണി
കായബലം=കായ,ഫലം