അയല്‍വാസിയായ ആമിനാത്തയെ കാണാന്‍ ചെന്നതായിരുന്നു ഞാന്‍. ആയമ്മ ഒറ്റയ്ക്കാണ് താമസം. കൂട്ടിനായി അവര്‍ക്ക് കുറെ കോഴികളും. ഉമ്മറം ആകെ കോഴി കാഷ്ടിച്ചിരിക്കുന്നു. കോഴിക്കറിയില്ലല്ലോ ഇത് ഉമ്മറമാണെന്ന്. ഉമ്മറത്തേക്ക് കയറാതെ മിറ്റത്ത് മടിച്ചു നില്‍ക്കുന്ന എന്നെ കണ്ട് ‘കയറി ഇരുന്നോ മോനെ’ എന്ന് പറഞ്ഞ് ഒരിരിപ്പിടവുമായി അവര്‍ അകത്ത് നിന്നും വന്നു. നോക്കുമ്പോള്‍ അതിലും കോഴിക്കാഷ്ടം. കോഴികളെ പണ്ടാരടങ്ങാന്‍ പ്രാകിക്കൊണ്ട് കാഷ്ടം കോരാന്‍ കൊണ്ടുവന്ന സാധനം കണ്ട് ഞാന്‍ അറിയാതെ വലിയവായില്‍ ചിരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഒരാര്‍ഭാട കല്യാണത്തിന്‍റെ കുറിമാനമായിരുന്നു അത്. ‘എന്തെ മോനെ ഇങ്ങനെ ചിരിക്കാന്‍’ എന്ന് ചോദിച്ച് അന്തിച്ച് നില്‍ക്കുന്ന ഇത്തയോട് ഞാന്‍ പറഞ്ഞു. ‘ഇത്ത ആ കല്യാണക്കത്തിന് ഏകദേശം നാല്പത് രൂപയോളം വരും’. ‘ആവൂ ന്‍റെ പഹേരെ..!!?. ആ കായി ഇനിക്ക് തന്നീര്‍ന്നെങ്കില് ഒരു നേര്‍ത്തെ മീന്‍ വേടിക്കായിരുന്നു’ എന്ന് പറഞ്ഞ് അവര്‍ മുഖത്ത് കഷ്ടം വെച്ച് നിന്നു.
കല്യാണക്കുറികള്‍ പലവിധമാണ്. അതൊരു അഭിമാനത്തിന്‍റെ പ്രശ്നമാണെന്ന്‍ തോന്നുന്നു. ആള്‍ക്കാരുടെ അന്തസ്സും തൊഴിലും അനുസരിച്ചാണ് ചിലപ്പോള്‍ കല്യാണക്കുറി നിര്‍മ്മിക്കുന്നതെന്ന് തോന്നിപ്പോകും. ഈയിടെ ഒരു ക്ഷണക്കത്ത് കാണാന്‍ ഇടയായി. തൃശ്ശൂരിലെ പ്രമുഖ റിയലെസ്റ്റേറ്റ് വ്യവസായിയാണ്. അദ്ദേഹത്തിന്‍റെ മകന്‍റെ വിവാഹത്തിന് നിര്‍മ്മിച്ചത് ചുവന്ന നിറത്തിലുള്ള ഒരു കാര്‍ഡ്. കണ്ടാല്‍ വീടിന്‍റെ ആധാരമാണെന്ന് തോന്നും. പുന്നയൂര്‍ക്കുളത്തെ പ്രമുഖ ട്രാവല്‍ ഏജന്‍സി ഉടമയുടെ കല്യാണക്കുറി എയര്‍ ഇന്ത്യ ടിക്കറ്റിനോട് സാമ്യമുള്ളതായിരുന്നു.
കല്യാണക്കുറി തൊട്ട് തുടങ്ങുന്നു വിവാഹത്തിന്‍റെ ആര്‍ഭാടങ്ങള്‍. ഇന്ന് എല്ലാം ഇവന്‍റ് മാനേജ്മെന്‍റില്‍ ഒതുങ്ങിയിരിക്കുന്നത്. പണ്ടെല്ലാം അയല്‍വാസികളാലും നാട്ടുകാരാലും ഭംഗിയായി നടന്നിരുന്ന ഒന്നായിരുന്നു.
ഇന്ന് ക്ഷണക്കത്ത് നിര്‍മ്മാണം ഒരു വന്‍ വ്യവസായമാണ്. അവിടെ, ഒരു പാട് ജീവിതങ്ങളാണ് ഉപജീവനം കഴിച്ചുപോരുന്നത്. ഗ്രാഫിക് ഡിസൈനിംഗില്‍ വിവിധ തലങ്ങളെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. എങ്കിലും, ഇത്രയധികം ധനം ഇതിനായി ചിലവഴിക്കേണ്ടതുണ്ടോ?. വളരെ ലളിതമായി നമുക്ക് ഇത് നിര്‍വ്വഹിക്കാന്‍ കഴിയില്ലേ?. അനാവശ്യമായി നാം ചിലവഴിക്കുന്ന ധനത്തില്‍ നിന്ന് നമുക്ക് നമ്മുടെ അയല്‍ക്കാരന്‍റെ കെട്ടുപ്രായം കഴിഞ്ഞ് നില്‍ക്കുന്ന അല്ലെങ്കില്‍ കിടക്കാന്‍ കൂരയില്ലാത്ത പാവപ്പെട്ടവന് നല്‍കാന്‍ കഴിയില്ലേ?. അതൊ, നമ്മുടെ കൊച്ചിന്‍റെ അപ്പി കോരാനും കോഴിക്കാഷ്ടം കോരാനും നമ്മുടെ പണത്തെ കുറിമാന രൂപത്തില്‍ .............?.
പിന്‍കുറി: “പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങൂല”