Monday, March 23, 2009

മണ്ഡൂകചരിതം

മണ്ടകത്തും മച്ചകത്തും മഴക്കാലങ്ങളില്‍ മിഴിച്ചിരുന്ന് മുക്രയിട്ട് പോക്രിത്തരം കാട്ടുന്ന മാക്രികളെങ്ങനെ ജീവിതത്തിന്‍റെ മര്‍മ്മഭാഗങ്ങളില്‍ കയറിയിരുന്നു മുക്രയിട്ടു എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്.
ഈ അടുത്തൊരു കാരണവും ഉണ്ടായി ആ ഓര്‍മ്മകളിലേക്കെത്താന്‍;

'ഹയ്യാലസ്സ്വലാ‍ാ‍ാ‍ാ‍ാഹയ്യാലസ്സ്വലാ‍ാ‍ാ‍ാ‍ാ‍ാ(നമസ്കാരത്തിനു വരിക(2)) പള്ളിയിലെ പരികര്‍മ്മിയായ മുഅദ്ദിന്‍ എന്ന മുക്രി സന്ധ്യാ വന്ദനത്തിനായി വിളിച്ചുണര്‍ത്തി. അംഗശുദ്ധി വരുത്തി ഞാനും പള്ളിയിലേക്ക് നടന്നു. വലതു കാല്‍ വെച്ച് പള്ളിയുടെ കവാടം മുറിച്ച് കടക്കുമ്പോള്‍ ഒരറബിപ്പയ്യന്‍ എന്നെ ഉരച്ച് പള്ളിയിലേക്ക് ഓടിക്കയറി. ആ ഓടിക്കയറ്റം എനിക്ക് സമ്മാനിച്ചത് ഒരു മുടിഞ്ഞ വാടയായിരുന്നു.ആ വാട നല്‍കിയത് ഒരുപിടി പഴയ ഓര്‍മ്മകളെയും ആയിരുന്നു.

എന്‍റെ അയല്‍‌വാസികളായ പൂത്തേക്കന്‍ ഫാമിലിയുടെ കുലത്തൊഴില്‍ തെങ്ങ് കയറ്റം ആണ്. കര്‍ക്കിടക മാസം വന്നാല്‍ ഒറ്റില്‍ ഉണ്ടാക്കി തവളപിടുത്തമാണ് അവരുടെ വരുമാനമാര്‍ഗ്ഗം. സായിപ്പിന്‍റെ ഇഷ്ട ഭോജ്യമായ തവളയിറച്ചി തേടി ഒരു മണ്ടൂകശകടം വരിക പതിവ് കാഴ്ചയായിരുന്നു. മുടിഞ്ഞ വാടയാണെങ്കിലും ഐസു നിറച്ച ആ വലിയ ശകടം തുറന്ന് കാണുന്നതില്‍ ഞാന്‍ ആനന്ദം കണ്ടെത്തിയിരുന്നു.

അങ്ങനെ കാലങ്ങള്‍ പോകെ കുടുമ്പത്തേക്ക് ഉപകാരല്യാന്ന് കണ്ടാകണം ഉപ്പ ഒരു കടയിട്ടു തന്നു. അതുമായി മല്ലിട്ട് ജീവിച്ച് പോരുമ്പോഴായിരുന്നു തവളയിറച്ചിമാഹാത്മ്യം കെ .പി. ഹൌസിലെ മേസ്തിരി ലോനപ്പേട്ടന്‍ വിവരിച്ചു കേട്ടത്. അതിന്‍റെ രുചി സാക്‍ഷ്യപ്പെടുത്താന്‍ കെ.പി.ലത്തീഫും. ലോനപ്പേട്ടനാണെങ്കില്‍ കിട്ടുന്നതെന്തും തിന്നും. പുള്ളിയുടെ ഇഷ്ട ഭോജ്യങ്ങള്‍ പോര്‍ക്ക്, പെരുച്ചാഴി, മൂരി,തവള,ഏട്ടമത്സ്യം,മൊയ്പാന്‍പ്. എന്‍റെ ഉള്ളില്‍ തവളയിറച്ചിയോടുള്ള അറപ്പ് മാറി അടുപ്പം കൂടാന്‍ തുടങ്ങി.