Thursday, December 31, 2009

നാളെയുടെ പുലരി


ഈ സന്ധ്യ ഇവിടെ മയങ്ങട്ടെ........


നാളെയുടെ പുലരി ഈ വിധം ആകുമോ..?

ഓരോ പുതുവത്സരങ്ങളിലും നാം ഓരോ പ്രതിജ്ഞ എടുക്കാറുണ്ട് അല്ലെങ്കില്‍ പുതുക്കാറുണ്ട്. അടുത്ത വത്സരം ദൈവമേ നന്മയുടേതാകണേ എന്ന്..!?. എന്നാല്‍ , ആ വത്സരം കഴിഞ്ഞ് അടുത്ത വത്സരം ആഗതമാകുമ്പോള്‍ എപ്പോഴെങ്കിലും നാം അതിന്‍റെ ജയപരാജയങ്ങളെ കുറിച്ച് വിലയിരുത്താറുണ്ടോ..?.ഓരൊ വത്സരങ്ങള്‍ കൊഴിയുകയും വിടരുകയും ചെയ്യുമ്പോഴും പഴയതിനെ വെടിയുകയും പുതിയതിനെ തേടുകയും ചെയ്യുമ്പോഴും നമ്മുടെ നഷ്ടങ്ങളെ കുറിച്ച് നാം ബോധവാന്മാരാണൊ..? ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു ഈ പുതു ദിനത്തില്‍ ...
എല്ലാവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്, ഒപ്പം എന്‍റെ അമ്മ എന്നെ നൊന്തുപെറ്റ ആ ദിനത്തിന്‍റെ ഓര്‍മ്മപ്പെടുത്തലും ..........

Wednesday, November 25, 2009

ബലിപെരുന്നാള്‍ ആശംസകള്‍

ബലിപെരുന്നാള്‍ ആശംസകള്‍


ദൈവപ്രീതിയ്ക്ക് മുന്നില്‍ തന്‍റെ സത്പുത്രനെ ബലി നല്‍കാന്‍ തയ്യാറായ ആ വീരപുരുഷന്‍ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണയ്ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസിക്കുന്നു.

Saturday, November 14, 2009

ഉരുളുന്ന ചക്രങ്ങള്‍ക്ക്,


ഉരുളുന്ന ചക്രങ്ങള്‍ക്ക്,
മുന്നിലെന്നുമൊരാജ്ഞയുണ്ട്.



എന്നാല്‍, താനെയൊന്നു-
രുളാന്‍ ശ്രമിച്ചാലൊ?,



എവിടെയെങ്കിലുമൊന്നു-
ടക്കി നില്‍ക്കണമെന്നൊരാജ്ഞയുമുണ്ട്.



സ്വന്തമായി, സ്വതന്ത്രമായി
എന്നാണെന്നൊരുളുക.

Friday, October 9, 2009

ക്രൈസിസ്

ഞാനൊരു കാറ് മേടിച്ചു. ഹോണ്ട സിവിക്. ചേറിയ കാറിനോടായിരുന്നു എന്‍റെ താത്പര്യം. എന്‍റെ കസിന്‍ അസ്ലമിന് ഒരേ നിര്‍ബന്ധം ഹോണ്ട മതി എന്ന്. ശെരി ഞാന്‍ സമ്മതിച്ചു. കാരണം അവന് ചെറുപ്പം തൊട്ടേ കാറിന്‍റെ കാര്യത്തില്‍ വളരെ ജ്ഞാനം ഉണ്ട്. എല്ലാ പാര്‍ട്ട്സിന്‍റെ പേരും അവന് ഹൃദ്യം. പണ്ടൊരിക്കല്‍ കൊച്ചനൂരിലെ ഡ്രൈവര്‍മാര്‍ കാര്‍ബേറ്റര്‍ എന്ന് പറഞ്ഞപ്പോള്‍ കാര്‍ബുറേറ്റര്‍ എന്ന് തിരുത്തി ചരിത്രം സൃഷ്ടിച്ചതൊക്കെ എന്‍റെ ഓര്‍മ്മയില്‍ ഉണ്ട്. അത് കൊണ്ടാണ് ഞാന്‍ സമ്മതം മൂളിയത്.

പിന്നെ, എന്‍റെ അങ്കിള്‍ ഒരു ഉപദേശം തന്നത് ഓര്‍മ്മയുണ്ട്.

‘ എന്ത് സാധനം വാങ്ങുകയാണെങ്കിലും നല്ലത് വാങ്ങണം. ഇത്തിരി പൈസ കൂടിയാലും തരക്കേടില്ല. അത് ഗുണമേ ചെയ്യുകയുള്ളു’.

എനിയ്ക്കാണെങ്കില്‍ കാറിന്‍റെ ലൈസന്‍സ് ഉണ്ടെങ്കിലും പ്രാക്റ്റീസ് പോര. അങ്ങിനെ അസ്ലമിന്‍റെ കാര്‍മ്മികത്വത്തില്‍ ചക്കിത്തറ വഴി ഓടിച്ച് വരുമ്പോള്‍ രണ്ട് തവണ ഗിയര്‍ ഇടാന്‍ മറന്നു. അതിവിടെ ഈ ഓട്ടോമാറ്റിക്ക് കാറൊക്കെ ഓടിച്ച് നാട്ടില്‍ വന്ന് മാന്വല്‍ കാര്‍ ഓടിക്കാന്‍ എന്നെക്കൊണ്ട് കഴിയൊ?. അങ്ങിനെ കാറിന്‍റെ പരിപ്പ് എടുത്തില്ലാന്നേള്ളു. കൊച്ചനൂരില്‍ തട്ടിമുട്ടി എത്തി. കൊച്ചനൂര്‍ സെന്‍ററില്‍ കാര്‍ സൈഡാക്കി ഞാന്‍ ഇറങ്ങി. അസ്ലം ഇറങ്ങിയില്ല.( അവന് കൊച്ചനൂര്‍ സെന്‍റര്‍ ചതുര്‍ത്തിയാണ്. കാരണം അവന്‍റെ ജ്ഞാനം വിളമ്പുക മാത്രമല്ല അവന്‍ തര്‍ക്കിക്കുകയും ചെയ്യാറുണ്ട്. അതിനാല്‍ അവനെ ആര്‍ക്കും അത്ര ഇഷ്ടം പോര.) അവന്‍ കാറെടുത്ത് പോയി.

കാറ് വാങ്ങിയ വിവരം ആരോടും പറയാന്‍ കഴിഞ്ഞില്ല. കാരണം വെള്ളിയാഴ്ച ആയതു കൊണ്ട് എല്ലാവരും ഉറക്കത്തിലാകുമല്ലൊ രാവിലെകളില്‍. അങ്ങനെ വൈകുന്നേരം നമ്മുടെ ഇത്തിരിവെട്ടത്തെ വിളിച്ചു വിവരം അറിയിച്ചു.
“റഷീദ്..എവിടെയാ..?"
“പുറത്താ.. ഇവിടെ അട്‌ത്ത്ണ്ടോ..?”
“ ഇല്ല, ഞാന്‍ നാളെ വരാം”
“എന്തെ വിളിച്ചത്?”
“ഒന്നൂല്ല ഞാന്‍, ഒരു കാര്‍ വാങ്ങി”
“അതേയൊ.., അതിന് നിങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടോ?”
“ ഇല്ല”
“പിന്നെങ്ങനെ ?”
“അല്ലെടോ ഞാന്‍ ഒരു സ്വപ്നം കണ്ടതാ.....” ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഈ വൈന്നേരത്ത് ആളെ മക്കാറാക്കാണല്ലേ”
പിന്നെ നിറുത്തി പറഞ്ഞു. “ഇങ്ങക്ക് കാറല്ല വിമാനം വരെ വാങ്ങാം, വേറെ
പണിയൊന്നുമില്ലല്ലൊ റൂമിക്കെടന്നൊറങ്ങല്ലെ,പിന്നേയ് ആ ശൈഖ് മുഹമ്മദ് ബര്‍ജല്‍ അറബ് വില്‍ക്കാന്ന് കേട്ടു. അത് വാങ്ങായിരുന്നില്ലേ?.”

ഇത്തിരി എനിയ്ക്കിട്ടൊന്ന് തട്ടി.

സ്വപ്നങ്ങളൊന്നും നെയ്തില്ലെങ്കിലും ധാരാളം സ്വപ്നങ്ങള്‍ കണ്ട് കൂട്ടാറുണ്ട്.അതിന് കാശൊന്നും കൊടുക്കേണ്ടല്ലോ..?.അങ്ങിനെ ഞാന്‍ ധാരാളം യാത്രയും ചെയ്യാറുണ്ട്.അതില്‍ പലപ്പോഴും പോകാറുള്ളത് ജപ്പാനിലേക്കാണ്.വായനയില്‍ മനസ്സില്‍ പതിഞ്ഞ സ്ഥലങ്ങളിലേക്കും യാത്രകള്‍ ആകാറുണ്ട്.

അല്ലെങ്കിലും പ്രവാസിക്ക് സ്വപ്നങ്ങളെ മിച്ചം വരാറുള്ളൂ. യാഥാര്‍ഥ്യങ്ങള്‍ വിരളം. പ്രവാസജീവിതത്തില്‍ നേട്ടങ്ങളുടെ പട്ടികയില്‍ മിച്ചം വന്നത് സൌഹൃദം മാത്രം.
അത് പഞ്ഞമില്ലാതെ കൊടുക്കുവാനും വാങ്ങുവാനും കഴിഞ്ഞിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം.

ചിലപ്പോള്‍ തോന്നിയേക്കാം, എന്തെ ഇങ്ങനെ എഴുതാന്‍..?.
ഓരൊരുത്തര്‍ നമ്മെ വിട്ട് പോകുന്നു. ഇതാ അവസാനമായി ‘ജ്യോനവന്‍’.
പത്ത് പന്ത്രണ്ട് കൊല്ലം ഇവിടെ നിന്നിട്ട് എന്ത് നേടി?. വട്ടപൂജ്യം.
കാറ് വാങ്ങണംന്ന് ഒരിയ്ക്കലും ആഗ്രഹിച്ചിട്ടില്ല.എന്തോ സ്വപ്നത്തില്‍ അങ്ങനെ ഒന്ന് കണ്ടു.
ഇനി എനിയ്ക്ക് u a e യില്‍ ഇനി ഇരുപത് നാള്‍ ബാക്കി. മറ്റ് ജോലിയ്ക്ക് ശ്രമിക്കുന്നുണ്ട് എല്ലാവരുടേയും പ്രാര്‍ത്ഥനയുണ്ടാകണം.

Saturday, September 19, 2009

..............ഈദ് മുബാറക്..............

സാഹോദര്യത്തിന്‍റേയും സമാധാനത്തിന്‍റേയും ചെറിയ പെരുന്നാള്‍
ആശംസിക്കുന്നു.
..............ഈദ് മുബാറക്..............

Thursday, September 10, 2009

കല്യാണക്കുറിമാനങ്ങള്‍



അയല്‍വാസിയായ ആമിനാത്തയെ കാണാന്‍ ചെന്നതായിരുന്നു ഞാന്‍. ആയമ്മ ഒറ്റയ്ക്കാണ് താമസം. കൂട്ടിനായി അവര്‍ക്ക് കുറെ കോഴികളും. ഉമ്മറം ആകെ കോഴി കാഷ്ടിച്ചിരിക്കുന്നു. കോഴിക്കറിയില്ലല്ലോ ഇത് ഉമ്മറമാണെന്ന്. ഉമ്മറത്തേക്ക് കയറാതെ മിറ്റത്ത് മടിച്ചു നില്‍ക്കുന്ന എന്നെ കണ്ട് ‘കയറി ഇരുന്നോ മോനെ’ എന്ന് പറഞ്ഞ് ഒരിരിപ്പിടവുമായി അവര്‍ അകത്ത് നിന്നും വന്നു. നോക്കുമ്പോള്‍ അതിലും കോഴിക്കാഷ്ടം. കോഴികളെ പണ്ടാരടങ്ങാന്‍ പ്രാകിക്കൊണ്ട് കാഷ്ടം കോരാന്‍ കൊണ്ടുവന്ന സാധനം കണ്ട് ഞാന്‍ അറിയാതെ വലിയവായില്‍ ചിരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഒരാര്‍ഭാട കല്യാണത്തിന്‍റെ കുറിമാനമായിരുന്നു അത്. ‘എന്തെ മോനെ ഇങ്ങനെ ചിരിക്കാന്‍’ എന്ന് ചോദിച്ച് അന്തിച്ച് നില്‍ക്കുന്ന ഇത്തയോട് ഞാന്‍ പറഞ്ഞു. ‘ഇത്ത ആ കല്യാണക്കത്തിന് ഏകദേശം നാല്പത് രൂപയോളം വരും’. ‘ആവൂ ന്‍റെ പഹേരെ..!!?. ആ കായി ഇനിക്ക് തന്നീര്‍ന്നെങ്കില് ഒരു നേര്‍ത്തെ മീന്‍ വേടിക്കായിരുന്നു’ എന്ന് പറഞ്ഞ് അവര്‍ മുഖത്ത് കഷ്ടം വെച്ച് നിന്നു.



കല്യാണക്കുറികള്‍ പലവിധമാണ്. അതൊരു അഭിമാനത്തിന്‍റെ പ്രശ്നമാണെന്ന്‍ തോന്നുന്നു. ആള്‍ക്കാരുടെ അന്തസ്സും തൊഴിലും അനുസരിച്ചാണ് ചിലപ്പോള്‍ കല്യാണക്കുറി നിര്‍മ്മിക്കുന്നതെന്ന് തോന്നിപ്പോകും. ഈയിടെ ഒരു ക്ഷണക്കത്ത് കാണാന്‍ ഇടയായി. തൃശ്ശൂരിലെ പ്രമുഖ റിയലെസ്റ്റേറ്റ് വ്യവസായിയാണ്. അദ്ദേഹത്തിന്‍റെ മകന്‍റെ വിവാഹത്തിന് നിര്‍മ്മിച്ചത് ചുവന്ന നിറത്തിലുള്ള ഒരു കാര്‍ഡ്. കണ്ടാല്‍ വീടിന്‍റെ ആധാരമാണെന്ന് തോന്നും. പുന്നയൂര്‍ക്കുളത്തെ പ്രമുഖ ട്രാവല്‍ ഏജന്‍സി ഉടമയുടെ കല്യാണക്കുറി എയര്‍ ഇന്ത്യ ടിക്കറ്റിനോട് സാമ്യമുള്ളതായിരുന്നു.

കല്യാണക്കുറി തൊട്ട് തുടങ്ങുന്നു വിവാഹത്തിന്‍റെ ആര്‍ഭാടങ്ങള്‍. ഇന്ന് എല്ലാം ഇവന്‍റ് മാനേജ്മെന്‍റില്‍ ഒതുങ്ങിയിരിക്കുന്നത്. പണ്ടെല്ലാം അയല്‍വാസികളാലും നാട്ടുകാരാലും ഭംഗിയായി നടന്നിരുന്ന ഒന്നായിരുന്നു.
ഇന്ന് ക്ഷണക്കത്ത് നിര്‍മ്മാണം ഒരു വന്‍ വ്യവസായമാണ്. അവിടെ, ഒരു പാട് ജീവിതങ്ങളാണ് ഉപജീവനം കഴിച്ചുപോരുന്നത്. ഗ്രാഫിക് ഡിസൈനിംഗില്‍ വിവിധ തലങ്ങളെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. എങ്കിലും, ഇത്രയധികം ധനം ഇതിനായി ചിലവഴിക്കേണ്ടതുണ്ടോ?. വളരെ ലളിതമായി നമുക്ക് ഇത് നിര്‍വ്വഹിക്കാന്‍ കഴിയില്ലേ?. അനാവശ്യമായി നാം ചിലവഴിക്കുന്ന ധനത്തില്‍ നിന്ന് നമുക്ക് നമ്മുടെ അയല്‍ക്കാരന്‍റെ കെട്ടുപ്രായം കഴിഞ്ഞ് നില്‍ക്കുന്ന അല്ലെങ്കില്‍ കിടക്കാന്‍ കൂരയില്ലാത്ത പാവപ്പെട്ടവന് നല്‍കാന്‍ കഴിയില്ലേ?. അതൊ, നമ്മുടെ കൊച്ചിന്‍റെ അപ്പി കോരാനും കോഴിക്കാഷ്ടം കോരാനും നമ്മുടെ പണത്തെ കുറിമാന രൂപത്തില്‍ .............?.

പിന്‍‌കുറി: “പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങൂല”

Friday, August 28, 2009

പ്രവാസ ഓണം

ഒരു പ്രവാസിയുടെ ഓണം ഈ ചിത്രം പോലെയാണെന്ന് എനിയ്ക്ക് തോന്നുന്നു. നിങ്ങള്‍ക്കോ.......?

എല്ലാവര്‍ക്കും ഓണാശംസകള്‍.



ഈ ചിത്രം sxc എന്ന ഫോട്ടൊ സൈറ്റില്‍ നിന്നും കടമെടുത്തത്.

Thursday, August 20, 2009

Thursday, April 23, 2009

നിഷേധി



അന്നത്തെ സായന്തനം ബേപ്പൂരിന്‍റെ തീരത്തെ മണല്‍തരികളെ സ്വര്‍ണ്ണവര്‍ണ്ണമണിയിച്ചില്ലെന്ന് തോന്നുന്നു. മാനത്തെ മേഘാവൃതം അയാളുടെ ഹൃദയത്തില്‍ തെല്ലൊന്നുമല്ല അസ്വസ്ഥത സൃഷ്ടിച്ചത്. ഇതാദ്യമായിട്ടല്ല അന്യനാട്ടിലേക്ക് പോകുന്നതെങ്കിലും , കടല്‍ കടന്ന് !! അതും 'ഉരു'വില്‍ ...!!.

'ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ ?'

ഉരുവില്‍ വീഴുന്ന ചുറ്റികയുടെ ചടുലതാളം അയാളുടെ ഹൃദയത്തിന്‍റെ മിടിപ്പുകളെ ഉയര്‍ത്തി. ബോംബെയില്‍ നിന്ന് പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. മോഹിച്ചപെണ്ണിനെ ഒന്ന് കാണുക എന്ന മോഹം മാത്രമായിരുന്നു ഈ തീരത്തേക്ക് എത്തിച്ചത്.അയാള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ പാടുപെട്ടുകൊണ്ട് പണിതുയര്‍ത്തുന്ന ഉരു എന്ന തച്ചുശാസ്ത്രത്തിന്‍റെ വിസ്മയത്തിലേക്ക് കണ്ണും നട്ടിരുന്നു.

വരുംവരായ്കയെ കുറിച്ച് അയാളത്ര ബോധവാനായിരുന്നില്ല. അതു കൊണ്ടായിരുന്നല്ലൊ, പഠിക്കാനുള്ള കഴിവും തന്‍റേടവും ഉണ്ടായിട്ടും അതെല്ലാം ഇട്ടെറിഞ്ഞു ബോംബെയുടെ തെരുവില്‍ കരിക്കിന്‍ കൂട്ടത്തില്‍ ജീവിക്കേണ്ടി വന്നത്.

അയാള്‍ ഒരു നിഷേധി ആണെന്ന് തറവാട്ടില്‍ എല്ലാവരും പറഞ്ഞിരുന്നു. അതിനൊരു കാരണവും ഉണ്ട്.കെട്ടുപ്രായമായിരിക്കുന്ന സഹോദരിമാരും കെട്ടാതെ നില്‍കുന്ന തന്റെ ചേട്ടന്മാരും ഇരിക്കെ ആയിരുന്നു അയാളിഷ്ടപ്പെട്ട പെണ്ണിന്റെ കാര്യം വീട്ടില്‍ അറിയുന്നത്. അതും തറവട്ടിലെ തന്നെ ഒരു പെണ്‍കുട്ടി!!?. മനസ്സിലെ ഇഷ്ടം അറിയിച്ചത് ഇത്താത്ത കണ്ടപ്പോഴാണ് തറവാട്ടില്‍ അത് വിഷയം ആയതും.

പടിയിറങ്ങിയപ്പോല്‍ ആരും അയാളെ തടഞ്ഞില്ല. പിന്നെ ഒന്നും ആലോചിച്ച് നിന്നില്ല. അയാള്‍ നടന്നു, ഒന്ന് യാത്ര പറയണം തിരിച്ചു വരുന്നത് വരെ കാത്തിരിക്കാന്‍ അപേക്ഷിക്കണം, അയാള്‍ ഉറച്ചു.

അമ്മാവന്റെ മകളാണ്‌ അവള്‍, കാണാന്‍ സുന്ദരി, പോരാത്തവനായ അമ്മാവന്‌ ജനിച്ച തന്‍റേടിയായ പെണ്‍‌കുട്ടി. ആ തന്‍റേടം തനിക്ക് നന്നേ ബോധിച്ചു.അമ്മാവന്‍റെ പോരായ്മയാണ്‌ തറവാട്ടില്‍ നിന്ന് അവരെ അകറ്റിയത് . ബോംബെയില്‍ നിന്ന് വരുമ്പോള്‍ ഓരോ തവണയും അമ്മായിക്ക് കൊടുക്കുന്ന സമ്മാനം മാത്രമായി കുടുംബ ജീവിതം. അതുകൊണ്ടു തന്നെ അമ്മായിക്ക് പെറ്റിടുക എന്നല്ലാതെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. അങ്ങിനെ പെറ്റിട്ടത് പതിനൊന്നും. പഠനവും ഒപ്പം കുട്ടികളെ നോക്കുന്ന ജോലിയും അവളിലായിരുന്നു. പഠിക്കാനുള്ള പ്രേരണ തന്നില്‍ നിന്ന് തന്നെ ആയിരുന്നു. കാലക്രമേണ ആ കുടുംബത്തിന്‍റെ ബാധ്യത മുഴുവന്‍ ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. ഭാരം കൂടിവന്നപ്പോഴാണ് ഇങ്ങനെ ഒരു യാത്രയ്ക്ക് തുനിഞ്ഞതും...!!!,

പടിഞ്ഞാറിന്‍റെ ഇളം കാറ്റ് അയാളുടെ കണ്ണുകളെ തഴുകിപ്പാഞ്ഞു. അയാള്‍ പതുക്കെ മയക്കത്തിലേക്കും.‘അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍.....’

അകലെ ചാപ്പയിലെ നിസ്കാരപ്പള്ളിയില്‍ മ‌അരിബ് ബാങ്കിന്‍റെ ഒലി ഉയര്‍ന്നു. അയാള്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു. നമസ്കരിക്കാന്‍ പള്ളിയിലേക്കായ് തിരിച്ചു.

“അല്ലാ....ഇങ്ങള് പള്ളീല്‍ക്കാ...ഞമ്മളൂണ്ട്” കൊണ്ടോട്ടീക്കാരന്‍ ജമാല്‍.ജീവിതം കരുപ്പിടിപ്പിക്കാന്‍ മരുപ്പച്ചതേടുന്ന അനേകരില്‍ ഒരുവന്‍.“ങ്ങള് കൂട്ടം കൂടാണ്ട് ബെക്കം പോയിറ്റ് ബരീന്‍...നേരം ബെയ്തായാല്‍ സെര്യാവൂല എട്ട് മണിക്ക് ബോട്ട് പോകും...ഇങ്ങള് സൊറച്ചോണ്ട് നിന്നാല്‍ ഉരു പോണ്ടബൈക്ക് പോകും, പിന്നെ നെട്ടം തിരിഞ്ഞിട്ടൊന്നുംകാര്യണ്ടാവൂല്ല.”

സ്രാങ്കിന്‍റെ അധികപ്രസംഗം ഗൌനിക്കാതെ അവര്‍ നടന്നു. പള്ളിയില്‍ എത്തിയപ്പോഴേക്കും നമസ്കാരത്തിനായി ‘ഇഖാമത്ത്’ കൊടുത്തിരുന്നു. പെട്ടെന്ന് തന്നെ ‘വുദു’(അംഗശുദ്ധി) എടുത്ത് നമസ്കാരത്തിനായ് അണിയില്‍ ചേര്‍ന്ന് നിന്നു. മനസ്സും ശരീരവും പരമകാരുണ്യവാനായ ദൈവം തമ്പുരാനില്‍ ഭരമര്‍പ്പിച്ച് ഇമാമിന്‍റെ ഇമ്പമാര്‍ന്ന ഖുര്‍‌ആന്‍ പാരായണത്തില്‍ അയാള്‍ അലിഞ്ഞു ചേര്‍ന്നു.

Tuesday, April 14, 2009

വിഷുക്കണി

പുലരിത്തൂ വെട്ടം
പുലരൊളിതന്‍ വെട്ടം.

പൊന്നുരുകും വെട്ടം
വിഷുക്കണിതന്‍ പുണ്യം”.

വരും കാലം നന്മയുടേതും ഐശ്വര്യത്തിന്‍റേതുമാകാന്‍
ജഗതീശനോട് പ്രാര്‍ത്ഥിക്കുന്നു.
എല്ലാവര്‍ക്കും ഐശ്വര്യം നിറഞ്ഞ വിഷു ആശംസിക്കുന്നു.



ചിത്രം വിക്കിപീഡിയയില്‍ നിന്ന്.

Monday, March 23, 2009

മണ്ഡൂകചരിതം

മണ്ടകത്തും മച്ചകത്തും മഴക്കാലങ്ങളില്‍ മിഴിച്ചിരുന്ന് മുക്രയിട്ട് പോക്രിത്തരം കാട്ടുന്ന മാക്രികളെങ്ങനെ ജീവിതത്തിന്‍റെ മര്‍മ്മഭാഗങ്ങളില്‍ കയറിയിരുന്നു മുക്രയിട്ടു എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്.
ഈ അടുത്തൊരു കാരണവും ഉണ്ടായി ആ ഓര്‍മ്മകളിലേക്കെത്താന്‍;

'ഹയ്യാലസ്സ്വലാ‍ാ‍ാ‍ാ‍ാഹയ്യാലസ്സ്വലാ‍ാ‍ാ‍ാ‍ാ‍ാ(നമസ്കാരത്തിനു വരിക(2)) പള്ളിയിലെ പരികര്‍മ്മിയായ മുഅദ്ദിന്‍ എന്ന മുക്രി സന്ധ്യാ വന്ദനത്തിനായി വിളിച്ചുണര്‍ത്തി. അംഗശുദ്ധി വരുത്തി ഞാനും പള്ളിയിലേക്ക് നടന്നു. വലതു കാല്‍ വെച്ച് പള്ളിയുടെ കവാടം മുറിച്ച് കടക്കുമ്പോള്‍ ഒരറബിപ്പയ്യന്‍ എന്നെ ഉരച്ച് പള്ളിയിലേക്ക് ഓടിക്കയറി. ആ ഓടിക്കയറ്റം എനിക്ക് സമ്മാനിച്ചത് ഒരു മുടിഞ്ഞ വാടയായിരുന്നു.ആ വാട നല്‍കിയത് ഒരുപിടി പഴയ ഓര്‍മ്മകളെയും ആയിരുന്നു.

എന്‍റെ അയല്‍‌വാസികളായ പൂത്തേക്കന്‍ ഫാമിലിയുടെ കുലത്തൊഴില്‍ തെങ്ങ് കയറ്റം ആണ്. കര്‍ക്കിടക മാസം വന്നാല്‍ ഒറ്റില്‍ ഉണ്ടാക്കി തവളപിടുത്തമാണ് അവരുടെ വരുമാനമാര്‍ഗ്ഗം. സായിപ്പിന്‍റെ ഇഷ്ട ഭോജ്യമായ തവളയിറച്ചി തേടി ഒരു മണ്ടൂകശകടം വരിക പതിവ് കാഴ്ചയായിരുന്നു. മുടിഞ്ഞ വാടയാണെങ്കിലും ഐസു നിറച്ച ആ വലിയ ശകടം തുറന്ന് കാണുന്നതില്‍ ഞാന്‍ ആനന്ദം കണ്ടെത്തിയിരുന്നു.

അങ്ങനെ കാലങ്ങള്‍ പോകെ കുടുമ്പത്തേക്ക് ഉപകാരല്യാന്ന് കണ്ടാകണം ഉപ്പ ഒരു കടയിട്ടു തന്നു. അതുമായി മല്ലിട്ട് ജീവിച്ച് പോരുമ്പോഴായിരുന്നു തവളയിറച്ചിമാഹാത്മ്യം കെ .പി. ഹൌസിലെ മേസ്തിരി ലോനപ്പേട്ടന്‍ വിവരിച്ചു കേട്ടത്. അതിന്‍റെ രുചി സാക്‍ഷ്യപ്പെടുത്താന്‍ കെ.പി.ലത്തീഫും. ലോനപ്പേട്ടനാണെങ്കില്‍ കിട്ടുന്നതെന്തും തിന്നും. പുള്ളിയുടെ ഇഷ്ട ഭോജ്യങ്ങള്‍ പോര്‍ക്ക്, പെരുച്ചാഴി, മൂരി,തവള,ഏട്ടമത്സ്യം,മൊയ്പാന്‍പ്. എന്‍റെ ഉള്ളില്‍ തവളയിറച്ചിയോടുള്ള അറപ്പ് മാറി അടുപ്പം കൂടാന്‍ തുടങ്ങി.

Tuesday, February 17, 2009

ആനക്കാരന്‍

എന്‍റെ വല്യുപ്പ; അദ്ദേഹം എന്‍റെ ചെറുപ്പത്തിലേ മരിച്ചുപോയി. ഓര്‍മ്മയിലെ അദ്ദേഹം വലിയ ദേഷ്യക്കാരനായിരുന്നു എങ്കിലും എന്നോട് വളരെ സ്നേഹം ആയിരുന്നു.

ഞാന്‍ സ്കൂളില്‍ പോകുന്നതിനു മുന്‍പു തന്നെ മലയാളവും ആംഗലേയവും എഴുതാനും വായിക്കാനും പഠിച്ചിരുന്നു. ഒപ്പം അക്കങ്ങളും!!!. ഒരു രണ്ട് എന്ന് എഴുതാന്‍ പഠിപ്പിച്ചപ്പോള്‍ ശരിയായി എഴുതുന്നതിനു പകരം തലതിരിച്ചായിരുന്നു എഴുതിയിരുന്നത്.‘ താരെ സമീന്‍ പര്‍ ‘ എന്ന ചിത്രത്തിലെ പയ്യനെ പോലെ. രണ്ട് ശരിയായി എഴുതാന്‍ എന്നെ നല്ലവണ്ണം തല്ലുമായിരുന്നു ഉമ്മ. അതൊന്നും വല്യുപ്പയ്ക്ക് സഹിക്കുമായിരുന്നില്ല. എന്‍റെ നിലവിളിയും സങ്കടവും കണ്ടാല്‍ ഊന്നുവടിയുമായി അദ്ദേഹം ഉമ്മയെ തല്ലാന്‍ വരും.

ഞാന്‍ ഉറങ്ങിയിരുന്നത് അദ്ദേഹത്തിനൊപ്പമായിരുന്നു. ഒരു ദിവസം ഉറങ്ങാനായി ചെന്നപ്പോള്‍ ഉമ്മ പറഞ്ഞു “മോനെ വല്യുപ്പാക്ക് ദീനം കലശലാണ് ഇന്ന് കൂടെ ഒറങ്ങണ്ട”. എന്താണ് ദീനം എന്നറിയില്ലെങ്കിലും മനസ്സില്‍ സങ്കടക്കടല്‍ ഇരമ്പി. ഇത്തിരി നേരത്തിനകം വീട്ടില്‍ സ്വന്തക്കാരും നാട്ടുകാരും നിറഞ്ഞു. വെള്ളവസ്ത്രം ധരിച്ച ആരോ ഒരു സ്ത്രീ വെള്ളം തൊട്ട് കൊടുക്കുന്നുണ്ട്. പിന്നീട് നെരം വെളുത്തപ്പോഴെപ്പോഴൊ ഉമ്മയുടെ കരച്ചില്‍ കേട്ടാണ് ഞാനുണര്‍ന്നത്. നടുവകത്തെ കട്ടിലില്‍ പടിഞ്ഞാറിന്നഭിമുഖമായി വെള്ളത്തുണികളാല്‍ മൂടപ്പെട്ട് കിടന്നിരുന്ന വല്യുപ്പ ഒരോര്‍മ്മയായി എന്ന് തീര്‍ച്ചപ്പെടുത്തിയത് സംസ്കാരത്തിനായി മയ്യിത്തുംകട്ടില്‍ എത്തിയപ്പോഴായിരുന്നു.

കാലം പിന്നീട് വല്യുപ്പയുടെ ഓര്‍മ്മകള്‍ കറുത്ത കള്ളികളുള്ള വെള്ള മൌലാനാ ലുങ്കിയിലും പച്ചനിറമുള്ള കമ്പളപ്പുതപ്പിലും മെത്യടിയിലും ഊന്നുവടിയിലും കുടിയിരുത്തി. കാലാന്തരെ, വല്യുപ്പ ഒരു നേരിയ ഓര്‍മ്മയായി. ഞങ്ങളുടെ കുടുംബം യാഥാസ്തിക മുസ്ലിം കുടുംബം അല്ലാതിരുന്നത് കൊണ്ട് ആണ്ടറുതിയൊ ഓര്‍മ്മപ്പെരുന്നാളൊ ഉണ്ടായില്ല അദ്ദേഹത്തെ ഓര്‍ക്കാന്‍. അങ്ങനെ പല വര്‍ഷങ്ങള്‍ കടന്നു പോയി.

ഒരു ദിവസം മദ്ധ്യാഹ്ന നേരം ഞങ്ങളുടെ പുതിയ വീടിന്‍റെ പടി കടന്ന് ഒരു വയോധികന്‍ വേച്ച് വേച്ച് കടന്ന് വന്നു. ചീകി മിനുക്കിയ വെളുത്ത തലമുടി, വെളുത്ത കൊറത്തുണിയുടെ മുണ്ടും ഷര്‍ട്ടും ധരിച്ച ആ കറുത്ത മനുഷ്യന്‍ വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു;
“ഞാന്‍ ശങ്കരന്നായര്, ആനക്കാരനായിരുന്നു, ഇവിടുത്തെ വല്യുപ്പ ലോഹ്യക്കാരനായിരുന്നു”.
അപ്പോഴേക്കും ഉമ്മ എത്തി.

“ആരാത് ശങ്കരന്നായരൊ, കാണാല്യാലൊ കൊറച്ചായിട്ട്?”.
“സൊഹല്യ കുട്ട്യ, കെടപ്പാര്‍ന്നു”.
“ഇപ്പൊ ആന്യന്നൂല്യ?”.

“ആനപ്പണി നിറുത്തി, അവര്‍ക്ക് ചെറുപ്പക്കാര് മതീന്ന്. ആനച്ചോറ് കൊലച്ചോറാന്നാ...ന്നാലും ഈ കണ്ടകാലം അതോണ്ട് ജീവിച്ചു. ഞാന്‍ പോരുമ്പൊ ന്‍റെ ആന കര്യാര്‍ന്നു”.
അയാളുടെ കണ്ണില്‍ നിന്നും നീരു പൊടിഞ്ഞു.
“ഇപ്പൊ ജീവിയ്ക്കാന്‍ പാ‍ങ്ങില്ല. മോനൊരുത്തനുണ്ട്, ഒരു കൊണോല്യ, വയസ്സ് കാലത്ത് ഞാന്‍ തന്നെ കുടുംബം പോറ്റണം. തെണ്ടാന്‍ അഭിമാനം സമ്മതിക്കിണില്യ, അതോണ്ട...ന്‍റെ കുട്ട്യോളല്ലെ ങ്ങളൊക്കെ..അതാ ഒരു സമാധാനം”
ഉമ്മ അകത്തു പോയി കുറച്ച് കാശും അരിസാധനങ്ങളുമായി വന്ന് ശങ്കരന്നായരെ യാത്രയാക്കി. പിന്നീട് അയാള്‍ വരുമ്പോഴൊക്കെ ഞാന്‍വല്യുപ്പയെ ഓര്‍ക്കാന്‍ തുടങ്ങി.

കാലക്രമേണ അയാള്‍ വരാതെ ആയി. വല്യുപ്പയുടെ ലോഹ്യക്കാരന്‍ ആണെന്നല്ലാതെ അയാളുടെ ഊരും പേരും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. കാലം വല്യുപ്പയെ മനസ്സില്‍ നിന്ന് മായ്ചപോലെ അയാളേയും മായ്ചുകളഞ്ഞു.

പിന്നീട് വല്യുപ്പയുടേയും ശങ്കരന്‍ നായരുടേയും ഓര്‍മ്മയ്ക്കെന്നോണം വീടിനു വെളിയിലെ വെട്ടുവഴിയിലൂടെ ഏതെങ്കിലും ആന വന്നാല്‍ തേങ്ങ നല്‍കല്‍ എന്‍റെ പതിവായിരുന്നു.

ശുഭം..

ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്.

Friday, January 16, 2009

പടിപ്പുര

ഭാമയുടെ ഉച്ചത്തിലുള്ള ശകാരം കേട്ടാണ് രുഗ്മിണി പുറത്തേക്കിറങ്ങിയത്.
“ന്താ..ഭാമേച്ചി..ആരെയാ ചീത്ത വിളിക്കുന്നേ..?”
“ദാ കണ്ടില്ലേ..പശൂന്റെ പാലു മുഴുവന്‍ കുട്ടി കുടിച്ചു, ഇനീപ്പൊ ന്താ ചെയ്യാ സൊസൈറ്റീക്കാര് വന്നാ ഞാനെവിട്ന്ന്‌ട്ത്താ പാ‍ല് കൊട്ക്ക്വന്റീശ്വരാ..”

പശൂന് കാടിവെള്ളം കൊടുക്കുന്നതിനിടയില്‍ പശുക്കുട്ടിയുടെ കയറഴിഞ്ഞത് നാണിയമ്മ അറിഞ്ഞില്ല.


നാണിയമ്മയ്ക്ക് ഭാമേച്ചീടട്ത്ത്‌ന്ന് ശ്ശി കേട്ടാലെ അന്നത്തെ ദിനത്തിന് ഊര്‍ജ്ജം കിട്ടൂന്നാ തോന്നണെ,.ഇന്നലെ പശു തൊടീലെ വാഴ മുഴുവന്‍ കടിച്ചേനായിരുന്നു. എന്നും ഓരോരൊ വിക്രിസം ഒപ്പിക്കും അവര്. എന്ത് പറഞ്ഞാലും ഒന്നും പറയാതെ നോക്കി നില്‍ക്കും.

ആയമ്മയ്ക്ക് ഇവിടെ ജോലിക്ക് നില്‍ക്കണ്ട ആവശ്യം ഒന്നുമില്ല. നോക്കാന്‍ മക്കളൊക്കീണ്ട്, ന്നാലും ഇവടന്ന് പോകില്ല. ചെറുപ്പത്തില് വന്നതാത്രെ അവര്. അവര്‍ക്ക് വേളിയായതും ഇവിടെ വച്ചു തന്ന്യാത്രെ. ഇവിട്ത്തെ വാല്യക്കാരന്‍ തന്ന്യായിരുന്നു കേളുനായര്‍. മുത്തശ്ശനാത്രെ വേളി കഴിച്ചു കൊടുത്തത്.

ഒരൂസം വൈകുന്നേരം തൊടീല് അടയ്ക്ക പെറുക്കായിരുന്നു, കാലിലെന്തൊ കടിച്ചൂന്ന് പറഞ്ഞു. നേരത്തോട് നെരം ണ്ടായില്യ. നീലച്ച ശരീരം കാഴ്ചക്കിട്ട് അങ്ങേര് പോയി. അതീ പിന്നെ ആയമ്മയും മക്കളും പൂര്‍ണ്ണമായും പൊറുപ്പ് ഇവടെ തന്ന്യാക്കി.

അന്നൊക്കെ ഇല്ലത്ത് പ്രതാപത്തിന്റെ നാളായിരുന്നു. നിയ്ക്കെല്ലാം നേരിയ ഒരോര്‍മ്മേള്ളു. പിന്നെ അഛന്‍ പറഞ്ഞും ഭാമേച്ചി പറഞ്ഞും ആണ് ഇല്ലത്തെ വിശേഷങ്ങള്‍ അറിഞ്ഞിരുന്നുള്ളു. ഓരൊ ദുരന്തങ്ങള്‍ ഇല്ലത്തെ വിഴുങ്ങി തീര്‍ക്കുകയായിരുന്നൂത്രെ.




“ദെന്താ കുട്ടീ നിനക്ക് പോകണ്ടെ?, കുന്നത്തൂര്‍ക്ക് ശ്ശി ദൂരണ്ട്. നെരത്തെ പുറപ്പെട്ടാലെ ഉച്ചയ്ക്ക് മുന്‍പവിടെ എത്തുള്ളു. അഛന്‍ കുളിച്ചൊ ആവൊ, വെള്ളം ചൂടാക്കി മറപ്പുരയില്‍ വെച്ചിട്ടുണ്ടായിരുന്നു. എല്ലോടം ന്റെ കയ്യെന്നെ എത്തണ്ടെ.”


ശെരിയാണ്, ഭാമേച്ചി അങ്ങിനെയൊക്കെ പറയുമെങ്കിലും ആരേയും ഒന്നും തൊടാന്‍ അനുവദിയ്ക്കില്ല. എല്ലാം തന്നത്താന്‍ ചെയ്തെങ്കിലേ തൃപ്തീണ്ടാവൂ. സൊസൈറ്റിയിലെ ബാങ്കിലെ എക്കൌണ്ടന്റായിരുന്നു. വീട്ടിലെ തെവാരൊം കഴിഞ്ഞ് ജോലിക്ക് പൊകുമ്പോഴേക്കും സമയം അതിന്റെ വഴിയ്ക്ക് പോയിട്ടുണ്ടാകും. പിന്നെ തിക്കും തിരക്കും ആണ്.അതിനിടയ്ക്ക് എന്റെ യൂണീഫോമും ചോറ്റുപാത്രവും.

ഇല്ലം ഭാഗം വെയ്ക്കുമ്പോള്‍ ഭാമേച്ചിപഠിക്കുകയായിരുന്നൂത്രെ, അഛന്റെ ഒരൊറ്റ നിര്‍ബന്ധം കൊണ്ടാ ഏച്ചി പഠിച്ചത്. അല്ലെങ്കില്‍ ഇല്ലത്തെ അടുക്കളേല് നാണിയമ്മേടെ കൂടെ കരിപുരണ്ട് പോയേനെ ജീവിതം. ഭാഗം വെച്ചപ്പോള്‍ ആകെ കിട്ടിയത് കയ്യാലയും പേരിന് അതിനോട് ചേര്‍ന്നൊരു പത്ത് സെന്റും.അതിന് കാരണം പറഞ്ഞത്-

“നെനക്ക് ജോലീല്ലെ ചിത്രാ..അതോണ്ട് നീ ഇത് തൃപ്തിപ്പെട്ട് അങ്ങട്ട് വാങ്ങിക്കോളൂ”-അഛന്‍ തിരുമേനീടെ മുന്‍പില്‍ കിട്ടിയതും വാങ്ങി ഒന്നും മിണ്ടാതെ നിന്നു.

കിട്ടിയതില്‍ മോശം അച്ചനായിരുന്നൂത്രെ, ആരോടും ഒന്നും പറയാതെ ലളിതമായി ജീവിച്ചു കാണിച്ചു തന്നു അഛന്‍. അഛന്റെ ശമ്പളവും തൊടിയിലെ വരുമാനവും കൊണ്ടാ ഞങ്ങള്‍ ജീവിച്ചത്. പിന്നെ അഛന് പെന്‍ഷനായി ഒപ്പം രോഗവും കൂട്ടായി. ഭാമേച്ചി അപ്പോഴേക്കും പഠിപ്പെല്ലാം കഴിഞ്ഞു ജോലിക്കായി കാത്തിരിക്കുകയായിരുന്നു. ഒരു നിമിത്തം പോലെയാ സൊസൈറ്റിയില്‍ ജോലി കിട്ടിയത്. പിന്നെ എന്റ്റെ ഉപരിപഠനം,അഛന്റെ ചികിത്സ എല്ലാം ചേച്ചിയുടെ കൈകളിലായി. ശ്ശി കഷ്ടപ്പെടുന്നുണ്ട്, ഒരല്ലലും അറീച്ചിട്ടില്യ ഇതുവരെയും. ഒരമ്മേടെ സ്ഥാനത്ത് നിന്ന് കൊണ്ട് എല്ലാം ചെയ്യുന്നു.

പലപ്പോഴും അമ്മയെ കുറിച്ചാലോചിക്കാറുണ്ട്. ഒരിക്കലും കാണാത്ത അമ്മ ഒരു സമസ്യയായി ഉടക്കിക്കിടന്നു മനസ്സില്‍. അഛന്റെ കവിതയെഴുത്തും വായനയും പുഛമായിരുന്നൂത്രെ അമ്മയ്ക്. അസ്വാരസ്യങ്ങള്‍ നിറഞ്ഞ ദാമ്പത്യജീവിതത്തില്‍ അഛനെന്ന വ്യക്തിക്ക് അമ്മയില്‍ യാതൊരു ചലനവും ഉണ്ടാ‍ക്കാനായില്ല. അതായിരുന്നു അഛന്റെ പരാജയവും.

കൊഴിഞ്ഞാമ്പാറ സ്കൂളിലായിരുന്നു അഛന് ജോലി. രണ്ടാഴ്ച കൂടുമ്പോഴായിരുന്നൂത്രെ അഛന്‍ വീട്ടില്‍ വരാറ്. ഒരൂസം വരുമ്പോള്‍ അഛന്റെ കൈപിടിച്ച് ഒരു അഞ്ചുവയസ്സുകാരിയും കൂടെ ഉണ്ടായിരുന്നു.-അതായിരുന്നു ഭാമേച്ചി..!!?.

അകന്ന ബന്ധത്തിലെ ക്ഷയിച്ച തറവാട്ടിലെ കുട്ട്യായിരുന്നൂത്രെ, അമ്മയ്ക്ക് ഭ്രാന്തായിരുന്നു.ആ ഇല്ലത്ത് തന്ന്യായിരുന്നു അഛനും താമസിച്ചിരുന്നത്. കഷ്ടപ്പാട് കണ്ട് കൂട്ടിയതായിരുന്നു‍. അഛന്റെ മനസ്സിലെ നന്മ മനസ്സിലാക്കാന്‍ അമ്മയ്ക്കായില്ല. ആദ്യ വേളിയിലെ സന്തതിയാണെന്നും പറഞ്ഞ് വഴക്കടിച്ച് അവരുടെ ഇല്ലത്തേക്ക് പോയി.എനിയ്ക്കന്ന് ഒരു വയസ്സായിരുന്നൂത്രെ. എന്നെ കൂട്ടാന്‍ ഒരുങ്ങി എങ്കിലും അഛന്‍ എന്നെ വിട്ടു കൊടുത്തില്ല. പലതവണ അഛന്‍ ആളയച്ചെങ്കിലും അമ്മ തിരിച്ചു വന്നില്ല.

“നമ്പൂര്യാരെ എറങ്ങായില്ലെ?.എട്ടരക്കാ ബസ്സ്.”

മായിന്‍കുട്ടിയുടെ ശബ്ദം കേട്ടാണ് രുഗ്മിണി ചിന്തയില്‍ നിന്നും ഉണര്‍ന്നത്. കുളിക്കാനായി കുളിപ്പുരയിലേക്ക് പോയി.ചിന്തകള്‍ വീണ്ടും മനസ്സിനെ മഥിച്ചു.
ഇന്നിപ്പൊ ഞാന്‍ പഴയ ‘രുക്കു’ അല്ല രുഗ്മിണിറ്റീച്ചറാണ്. ഏറെ കാത്തിരുന്നാണ് ഈ ജോലി കിട്ടിയത്. കൈക്കൂലി കൊടുത്താല്‍ എന്നേ ജോലിക്ക് കയറാമായിരുന്നു. അങ്ങനെ വേണ്ടാന്ന് വെച്ചത് തന്ന്യായിരുന്നു. എല്ലാ ആനുകൂല്യങ്ങളും താഴ്ന്ന ജാതിക്കാര്‍ക്കാണ്. പഴയ പ്രതാപത്തിന്റെ പേരില്‍ ഉയന്ന ജാതിക്കാരന്‍ മാനസീകമായി പീഠനം അനുഭവിക്കുന്നു. എന്റെ ആവലാതികള്‍ കണ്ട് അഛന്‍ പറയും-
“കുട്ടീ..ഏത് കാത്തിരിപ്പിനും ഒരു സുഖംണ്ട്. ദൈവം നമുക്കനുവദിച്ചത് അതിന്റെ നേരത്ത് ഇങ്ങട് തരും.ദൈവഭയം ണ്ടാവുക, മനസ്സില്‍ നന്മണ്ടാവുക, ചെയ്തികളില്‍ നേരുണ്ടാവുക, ഒപ്പം ക്ഷമീണ്ടാവുക. അവരൊരിയ്ക്കലും തോല്‍ക്കില്ല. ദൈവത്തിന്റെ സൃഷ്ടികളില്‍ മനുഷ്യന് മാത്രാ വിവേചനബുദ്ധി തന്നത്. അത് അവന് നന്മയും തിന്മയും വേര്‍തിരിച്ചെടുക്കാന്‍ വേണ്ടി തന്ന്യാ. ക്ഷെ, വിഡ്ഡിയായ മനുഷ്യന്‍ കരുതീര്‍ക്ക്‌ണത് എല്ലാം അവന്റെ കയ്യിലാന്നാ.”

“ആ മായിന്‍കുട്ടി വന്നുവോ, ഒരു കണ്ണ്‌ണ്ടാവണം ഇവിടെ, ഞങ്ങള് ഇരുട്ട്‌ണേന് മുന്‍പ് ഇങ്ങ്‌ട് എത്തും,നാണിയമ്മയ്ക്ക് ഒരന്തോല്യാത്തതാ, തൊടീലെ പണിയ്ക്കാരെ മുഷിപ്പിക്കണ്ട അവരുടെ കൂലി കൊടുത്തോളു.“
“ങ്ങള് പറഞ്ഞേന്റോലി ഭാമക്കുട്ട്യാ”

ഭാമയുടെ തിട്ടവട്ടങ്ങളറിയാവുന്ന മായിന്‍കുട്ടി തൊടിയിലേക്കിറങ്ങി. വലിച്ചു തുപ്പുന്ന ബീഡിപ്പുക ചുരുളുകളായി അയാള്‍ക്ക് മുകളില്‍ വിടര്‍ന്നു. തൊടിയിലെ അയിനി മരത്തില്‍ നിന്നും പാതി കഴിച്ച അയിനിച്ചക്ക താഴേക്ക് വീണു.കാക്കകള്‍ കലപിലകൂട്ടി അതിനു ചുറ്റും കൂടി. അണ്ണാറക്കണ്ണന്മാര്‍ ചിച്ചിലംചിലുചിലം ചൊല്ലി പ്രഭാതത്തിന് താളമിടുന്നു. മിറ്റത്തെ ഇലഞ്ഞിമരം പൂത്ത നറുമണം പ്രഭാതാന്തരീക്ഷത്തിന് സുഗന്ധമേകി.

രുഗ്മിണി കുളികഴിഞ്ഞു വരുമ്പോള്‍ ഭാമ കൊണ്ടാട്ടവും കടുമാങ്ങാ അച്ചാറും ബാഗില്‍ വെയ്ക്കുക ആയിരുന്നു.