മഴ പെയ്തുണര്‍ന്ന പുലര്‍ക്കാലം ,പ്രകാശരേണുക്കള്‍ കുഞ്ഞിലകളിലെ നീര്‍മണികളോട് കിന്നാരം പറയുന്നുണ്ട്. കുറുമ്പന് തെന്നല്‍ അവരെ ചൊടിപ്പിക്കാനെന്ന വണ്ണം ചെറുതായി പ്രഹരിച്ച് പാഞ്ഞുപോയി. നീര്മണികള് പൊട്ടിച്ചിരിച്ച് മണ്ണിലലിഞ്ഞു.
ഉമിക്കരിയും കയ്യിലെടുത്ത് തെല്ലൊരാലസ്യത്തോടെ പ്രകൃതിയുടെ വികൃതികള്‍ കുന്തിച്ചിരുന്നു കാണുകയായിരുന്നു ഞാന്‍.
"മോനേ..കാളിക്കുട്ടി വന്നില്ലേ...?"
പാവം ഉമ്മ, ഇന്നലെ മുഴുവന്‍ ഏക്കം വലിയുടെ കൊടുമ്പിരിയിലായിരുന്നു.
തൊട്ടഫലം ചെയ്യുന്ന ബാലന് വൈദ്യരുടെ മരുന്നൊന്നും തെല്ലും ഏശുന്നില്ല. വേറെ ആരെ എങ്കിലും കാണിക്കണംന്ന് പറേണത് കേട്ടീര്‍ന്നു. ന്തായാലും ഉപ്പ ഗുജറാത്തില്‍ നിന്ന് വരാതെ തരല്യ. ഇനിയും എത്ര ദിവസം കാത്തിരിക്കണം..?.അതുവരേക്കും ഉമ്മയുടെ കാര്യം ആലോചിക്കാന്‍ കൂടി വയ്യ.
കാളിക്കുട്ടി ഇനിയും എത്തിയില്ല. മിറ്റമടിക്കാനും പാത്രം മോറാനും അവര്‍ തന്നെ വരണം. ഓര്‍മ്മ വച്ച നാളു തൊട്ട് അവരു തന്നെയാണ് ഇതൊക്കെ ചെയ്യാറ്.
വല്ലിപ്പയുടെ മെതിയടി ശബ്ദം കനത്തു വരുന്നുണ്ട്. രാവിലെ കിട്ടേണ്ട ചായ കിട്ടാത്തതിന്റെ ഈര്‍ഷ്യ ആ മെതിയടി ശബ്ദത്തിലുണ്ട്.
വല്ലിമ്മ കോട്ടോല്‍ പോയിട്ട് ഒരാഴ്ച ആയി . വല്ലിപ്പയുടെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ല. വല്ലിപ്പയുടെ രണ്ടാം കെട്ടായിരുന്നു അത്. വയസ്സുകാലത്ത് ഒരു താങ്ങ് എന്നേ ചിന്തിച്ചിരുന്നുള്ളൂത്രേ.
ആയുസ്സു കാലം മുഴുവന്‍ മലായയില്‍ നിന്നുണ്ടാക്കിയത് ആയമ്മ തട്ടിയെടുത്ത് ആദ്യത്തേതിലുള്ള മോള്‍ക്ക് കൊടുക്കുകയാണെന്ന് മൂത്തമ്മ കുറ്റപ്പെടുത്താറുണ്ട്. വല്ലിമ്മ ഉണ്ടായിട്ട് കാര്യമൊന്നുമില്ല. എന്തെങ്കിലും വച്ചുണ്ടാക്കണമെങ്കില് ഉമ്മ തന്നെ വേണം .പിന്നെ, 'ദേനുവാത്ത'യാണ് സഹായത്തിന്. അവരാണെങ്കില്‍ പത്തു മണിയോടെയേ വരികയുള്ളു.
പി..പീ.......പുറത്ത് ആമക്കാറിന്റെ ഒച്ച..
പടിക്കല്‍ ആരോ വന്നിട്ടുണ്ട്. ഊര്‍ന്നിറങ്ങിയ വള്ളിട്രൌസര്‍ നേരെയാക്കി വെട്ടുവഴിയിലേക്കോടി.
കരുവാന്റെ കറുത്ത കുട്ടിബസ്സൊഴിച്ചാല് നാട്ടിലേക്കുള്ള ഏക ശകടം ആണ് ‘ആമക്കാര്‍‘.
സീതിക്ക മലായയില്‍ നിന്നും വന്നതായിരുന്നു. വൂളന്‍ കുപ്പായവും കാല്‍സറായിയും ധരിച്ച് കൂടെ ഒരപരിചിതനും ..!!.
എന്റെ മുഖത്തെ അപരിചിതത്വം കണ്ടിട്ടാകണം "മുത്തൂന്റെ മോനാണല്ലെ.?" എന്നു ചോദിച്ചു കൊണ്ട് ബാഗില്‍ നിന്നും ഒരു പിടി മിഠായി കയ്യില്‍ വച്ചു തന്നു.
"ഉമ്മാ... മുട്ടായി" എന്നാര്‍ത്തു വിളീച്ചു കൊണ്ട് ഞാന്‍ ഉമ്മയുടെ അടുത്തേക്കോടി.
"എന്തിനാ മോനെ അതൊക്കെ വാങ്ങിയത്, ആരെങ്കിലും എന്തെങ്കിലും തന്നാല്‍ ഒന്നും ആലോചിക്കാതെ ങ്ങണ്ട് വാങ്വാ..?" ഉമ്മ തെല്ലു വല്ലായ്മയോടെ ചോദിച്ചു.
"ലജ്ജയുടെ ആദ്യ പാഠം"
മിഠായി കണ്ടപ്പോള്‍ അനുജത്തിയുടെ മുഖത്ത് പൂക്കള്‍ വിടര്‍ന്നു. അതെല്ലാം അവളെ ഏല്പിച്ച് ഞാന്‍ വീണ്ടും ഓടിപ്പോയി.
ചക്കപ്പനും ചങ്കരനും പെട്ടികള്‍ തലചുമടായ് എടുത്തുകൊണ്ട് പടിഞ്ഞാറോട്ട് നീങ്ങി. വല്ലിപ്പയുമായ് അപരിചിത ഭാഷയില്‍ കുശലം പറഞ്ഞിരുന്ന അപരിചിതനും സീതിക്കയും അവര്ക്കുമുന്നിലായ് നടന്നു. ചെളിവെള്ളം ഛന്നം പിന്നം തെറിപ്പിച്ച് ആമക്കാര്‍ വടക്കോട്ടും.
മഴ നൂലു പോലെ വീണ്ടും പെയ്തിറങ്ങാന്‍ തുടങ്ങി....
വാല്‍ക്കഷ്ണം: മലായ(മലേഷ്യ)യിലെ സുഖശീതളിമയില്‍ നാടു മറന്നവരില്‍ ഒരാളായിരുന്നു അപരിചിതനായ എന്റെ ആ ബന്ധു. ചോരയും നീരും വറ്റിയപ്പോള്‍ നാടിനെ തന്നെ ശരണം അടഞ്ഞു.