Friday, August 15, 2008

കുഞ്ഞോള്‌ന്ന കുത്തഞ്ച്യാ


ഓണം വര്വാന്നറിഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരിക ‘കുഞ്ഞോളെ’യാ‍ണ്. പൂക്കൂട നെയ്തും പൂക്കളിറുത്തും ഞങ്ങടെ കൂട്ടത്തിലെ കാരണവത്തിയായി എപ്പോഴും കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും കലഹിച്ചും പിണങ്ങിയും......ഓണത്തിന്റെ നാളുകള്‍ മറക്കാത്ത അനുഭവങ്ങളാക്കി തന്നു അവള്‍.
എനിക്കന്ന് പ്രായം മൂന്നൊ നാലൊ, അന്നൊക്കെ ഞാ‍ന്‍ ഉമ്മയോട് ചോദിക്കാറുള്ള ചോദ്യമായിരിന്നൂത്രെ ‘കുഞ്ഞോള്‌ന്ന കുത്തഞ്ച്യാ’ന്ന്. ഞാനേറെ വലുതായിട്ടും എന്നേക്കാള്‍ നാലു വയസ്സിനു മൂത്ത കുഞ്ഞോള്‍ ഈ കുസൃതി ചോദ്യമെറിഞ്ഞ് എന്നെ കളിയാക്കുമായിരുന്നു. ഞാന്‍ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ എന്റെ ക്ളാസ്സിലും അവള്‍ ഉണ്ടായിരുന്നു. പഠിക്കാന്‍ ‘മിടുക്കി’ ആയിരുന്നതുകൊണ്ട് നാലാം ക്ലാസ്സില്‍ പട്‌ത്തം നിര്‍ത്തി. പിന്നീട് അടുക്കളപ്പണിയും കൂലിപ്പണിയും ചെയ്ത് ഏട്ടമ്മാര്‍ക്കും അവരുടെ കുട്ട്യോള്‍ക്കും വേണ്ടി ജീവിച്ചു കാലം കഴിച്ചു. പിന്നീടെപ്പോഴൊ കുടുമ്പജീവിതം കോതിച്ചപ്പോള്‍ സമയം ഏറെ വൈകിയിരുന്നു. ‘കെട്ടുപ്രായം കഴിഞ്ഞ അവളെ ആരു വേള്‍ക്കാന്‍‘.

കാലം ആര്‍ക്കും വേണ്ടി കാത്തിരിക്കില്ലല്ലോ, ഞാന്‍ കഞ്ഞിക്കുള്ള വഹ തേടി മലേഷ്യയിലേക്ക് വിമാനം കയറി. വഹക്കുള്ള വ്യവഹാരങ്ങള്‍ക്കിടയില്‍ ഞാന്‍ പലതും മറന്നു. ഒരു ദിവസം ഭാര്യയുടെ കത്ത് വന്നു. “നമ്മുടെ കുഞ്ഞോള്‍ കൊല്ലത്തൂന്ന് വന്ന മേസ്തിരീടെ കൂടെ ഓടിപ്പോയി”.
സത്യത്തില്‍ എനിക്ക് സന്തോഷമാണ് വന്നത്. “അവള്‍ക്കൊരു കുടുംബജീവിതം കിട്ടൂലൊ”.അവള്‍ക്ക് വേണ്ടി മനംനിറയെ പ്രാര്‍ത്ഥിച്ചു. ഒരു കുടുംബിനിയാകാന്‍ അത്രയേറെ മോഹിച്ചിരുന്നു അവള്‍..!!.

ഈശ്വരന്‍ പ്രാര്‍ത്ഥന കേട്ടില്ലെന്ന് തോന്നുന്നു. പിന്നെ എന്നെ തേടിവന്ന വാര്‍ത്തകള്‍ തികച്ചും ദു:ഖകരമായിരുന്നു. കെട്ട്യോന് വേറെ പെണ്ണും കുട്ട്യോളും ഉണ്ടായിരുന്നൂത്രെ. രാത്രി കുടിച്ചു വന്ന് സ്ഥിരം മര്‍ദ്ദനം ആയിരുന്നൂത്രെ; ആ‍യിടക്കെന്നോ ഗര്‍ഭിണിയുമായി .പ്രസവത്തില്‍ കുഞ്ഞ് മരിച്ചു. കുഞ്ഞിനെ കാണാനുള്ള ഭാഗ്യോം ണ്ടായീല്യാത്രേ..

ഒരൂസം ഭാര്യ വിളിച്ചു പറഞ്ഞു...”നമ്മടെ കുഞ്ഞോള് മരിച്ചു. തൂങ്ങി മരണായിരുന്നൂത്രെ, ആ മേസ്തിരി കൊന്നതാന്നും പറേണ്‌ണ്ട്, ചോദിക്കാനും പറയാനും ആളില്ലാത്തോണ്ട് കേസും കൂട്ടോം ണ്ടായീല്യ .ആങ്ങള വാസു പോയിരുന്നൂത്രെ , എല്ലാം കഴിഞ്ഞ് കുഴി മാന്തി കണ്ടിട്ട് എന്താകാനാ.., ജീവിച്ചിരിക്കെണ കാലത്ത് ഒന്നും ചെയ്ത് കൊടുക്കാന്‍ കഴിഞ്ഞില്ലാലൊ....” അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.....ഞാന്‍ കേട്ടു കൊണ്ടിരുന്നു പ്രതികരിക്കാനാകതെ.........